തിരുവനന്തപുരം: തനിക്കെതിരെയും കുടുംബത്തിനെതിരെയും അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ. ശ്രീമതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനയായി. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് അവര്‍ അറിയിച്ചു.
വളരെയധികം മാനസിക പ്രയാസത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്ന് ശ്രീമതി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒരു സായാഹ്ന പത്രവും ചേര്‍ന്ന് തനിക്കെതിരെ അസത്യവും അപമാനകരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. തുടക്കത്തില്‍ ഇത്തരം പ്രചരണങ്ങള്‍ അവഗണിച്ചെങ്കിലും അത് ആവര്‍ത്തിച്ചതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ ആളുകള്‍ അത് സത്യമാണെന്ന് തെറ്റിദ്ധരിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് ശ്രീമതി പറഞ്ഞു. പ്രചരിച്ച വാര്‍ത്തകളുടെ ദൃശ്യങ്ങളും പത്രക്കോപ്പികളും ശേഖരിച്ച് അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നും നിയമനടപടികള്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
താന്‍ ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന തരത്തിലാണ് വ്യാജപ്രചാരണമെന്നും, അത്തരമൊരു എംഎല്‍എയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ശ്രീമതി പറഞ്ഞു. ഒരു തവണപോലും വസ്തുത അന്വേഷിക്കാനോ പ്രതികരണം തേടാനോ ആരും തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
അമ്പത് വര്‍ഷത്തിലേറെയായി പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും, യാതൊരു തെളിവുമില്ലാതെ വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീമതി ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു.
വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് പ്രചരിപ്പിച്ച് വ്യക്തിപരമായും പൊതുപ്രവര്‍ത്തകയെന്ന നിലയിലും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ ശ്രീമതി, സത്യം അറിയാന്‍ ആരും സമീപിക്കാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ട് വിശദീകരണവുമായി എത്തിയതെന്നും വ്യക്തമാക്കി.
വ്യാജവാര്‍ത്തകളില്‍ മനംനൊന്ത് പി.കെ. ശ്രീമതി; നിയമനടപടിയും മാനനഷ്ടക്കേസും പ്രഖ്യാപിച്ചു
