ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ


തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഏണിക്കരയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടപടി അവസാന നിമിഷം മാറ്റിവെച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുൻ തിരുവാഭരണ കമ്മിഷണർ റെജിലാലിനെയും മുൻ ബോർഡ് അംഗം അജി കുമാറിനെയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരുടെയും പങ്ക് വിശദമായി പരിശോധിക്കാനാണ് എസ്.ഐ.ടി.യുടെ തീരുമാനം.

അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, സർക്കാരിന്റെ രാഷ്ട്രീയ പ്രേരിത നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു. 2019ലെ ശബരിമല സ്വർണക്കൊള്ള പുറത്തുകൊണ്ടുവരാൻ നിർണായക പങ്കുവഹിച്ച ഭരണസമിതിയെ തന്നെയാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

2025ലെ സ്വർണപ്പാളി കടത്തൽ സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പുതിയ കേസായി പരിഗണിക്കുന്നതിന് പകരം, 2019ലെ ശബരിമല സ്വർണക്കൊള്ളക്കേസിന്റെ തുടർച്ചയായാണ് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെതിരെ അറസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.