വിശാഖപട്ടണം: അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തം. ഒരു ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 72 ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കി. ചുഴലിക്കാറ്റ് നാളെ ഉച്ചക്ക് മുൻപ് കരതൊടുമെന്നാണ് മുന്നറിയിപ്പ്.കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയുമുള്ള ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്ന് ഉച്ചയ്ക്ക് ശേഷം വിശാഖപട്ടണത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് ഉണ്ടായത്. ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ധമാണ്. 14 മീറ്റർ വരെ ഉയർന്ന തിരമാലക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഒഡീഷയിലും കനത്ത മഴയാണ്. നാളെ ഉച്ചയോടെ ആന്ധ്രയിലെ യാനത്തിനും കാക്കിനാടക്കും ഇടയിൽ അർണബ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. ആന്ധ്രയിലെ 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അതിശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നാകും അർണബ്. കര തൊട്ട് കഴിയുമ്പോൾ വ്യാപക നാശനശഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചുഴലിക്കാറ്റിനെ നേരിടാൻ വിപുലമായ മുൻകരുതലിലാണ് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾ. കാക്കിനടയിൽ മാത്രം 89,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഒഡീഷയിൽ 48,000 പേരെയും ഒഴിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും 31 വരെ അതീവജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇന്നും നാളെയുമായി സൗത്ത് കോസ്റ്റ് റെയിൽവേ 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൂടാതെ മോശം കാലാവസ്ഥയെത്തുടർന്ന് 4 വിമാന സർവീസുകൾ റദ്ദാക്കുകയും 4 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിൽ നിന്നുള്ള കൂടുതൽ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കൃത്യമായി സമയം പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു. ആൻഡമാനിലും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരം, തെക്കൻ ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു. ഇതിന്റെ ആഘാതത്താൽ കേരളത്തിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
140 കിലോമീറ്റർ വേഗത്തിൽ അർണബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 72 ട്രെയിനുകൾ റദ്ദാക്കി
