ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായെന്ന് സംശയിക്കുന്ന ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ അമ്മയും രണ്ട് സഹോദരന്മാരും പൊലീസ് കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദാണെന്ന സൂചനകളാണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്. ഫരീദാബാദിലെ ഭീകരസംഘവുമായി ബന്ധമുള്ള ഇയാളെ പൊലീസ് ഏറെ നാളായി തെരയുകയാണ്. ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമര്‍ മുഹമ്മദിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇയാളുടെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്‌ഫോടനത്തിന് മുമ്പ് കറുത്ത മാസ്‌ക് ധരിച്ച ഒരാള്‍ കാര്‍ ഓടിച്ച് റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോകുന്നതായ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആ ദൃശ്യങ്ങളിലെ വ്യക്തി ഉമര്‍ മുഹമ്മദാണോ എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. കാര്‍ മൂന്നു മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട ശേഷം തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിലേക്കാണ് നീങ്ങിയതെന്നാണ് വിവരം. സ്‌ഫോടനം നടന്ന പ്രദേശത്തുനിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കി.
കാറിന്റെ ഇപ്പോഴത്തെ ഉടമ പുല്‍വാമ സ്വദേശിയായ താരിഖ് ആണ് എന്നാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് 6.55 ഓടെയാണ് ലാല്‍കില മെട്രോ സ്‌റ്റേഷന് സമീപം ഹുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചത്. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവ തകര്‍ന്നു. തീഗോളം ആകാശത്തേക്ക് ഉയര്‍ന്നതായും, ഏകദേശം ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സാഹചര്യ തെളിവുകള്‍ ഭീകരാക്രമണസൂചനകള്‍ നല്‍കുന്നുവെങ്കിലും, സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇതിനിടെ, മരണപ്പെട്ടവരില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട് - യുപി സ്വദേശി ദിനേശ് മിശ്ര, ദില്ലിയിലെ വ്യാപാരി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി (22) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സൈനി ഒരു ബന്ധുവിനെ മെട്രോ സ്‌റ്റേഷനില്‍ വിടാനെത്തിയതായിരുന്നു.
ഇതുവരെ കേന്ദ്രസര്‍ക്കാര്‍ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ 13 ആയി ഉയര്‍ന്നിട്ടുണ്ട്. 30ലധികം പേര്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ പലരും ദില്ലി യുപി സ്വദേശികളാണ്.
ചെങ്കോട്ട സ്‌ഫോടനം: ചാവേറായെന്ന് സംശയിക്കുന്ന ഭീകരന്റെ അമ്മയും രണ്ട് സഹോദരന്മാരും പൊലീസ് കസ്റ്റഡിയില്‍
