എബോള ഭീഷണി; ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു

എബോള ഭീഷണി; ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു


ന്യൂഡൽഹി: ആഫ്രിക്കയിലെ എബോള വ്യാപനത്തെ തുടർന്ന് ഈ മാസം ന്യൂഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. മേയ് 28 മുതൽ 31 വരെ നടക്കാനിരുന്ന സമ്മേളനം പിന്നീട് നടത്താനാണ് ഇന്ത്യയും ആഫ്രിക്കൻ യൂണിയനും ചേർന്ന് തീരുമാനിച്ചത്.

വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആഫ്രിക്കയിലെ ചില ഭാഗങ്ങളിലെ ആരോഗ്യസ്ഥിതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉച്ചകോടി പിന്നീട് നടത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലേക്കാണ് ഇരുപക്ഷവും എത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പൊതുജനാരോഗ്യ സാഹചര്യം സംബന്ധിച്ച് ഇന്ത്യ, ആഫ്രിക്കൻ യൂണിയൻ അധ്യക്ഷൻ, ആഫ്രിക്കൻ യൂണിയൻ കമ്മിഷൻ എന്നിവർക്കിടയിൽ വിശദമായ ചർച്ചകൾ നടന്നതായി പറഞ്ഞു.

ആഫ്രിക്കയിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സഹകരണം തുടരേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും ആവർത്തിച്ചു. ആഫ്രിക്ക സിഡിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം ഇന്ത്യ വീണ്ടും ഉറപ്പിച്ചതായും ആരോഗ്യ പ്രതിസന്ധി നേരിടാൻ ആഫ്രിക്കയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഉച്ചകോടിയുടെ പുതുക്കിയ തീയതികൾ പരസ്പര ആലോചനകൾക്ക് ശേഷം ഉടൻ പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാനം, വികസനം, പരസ്പര ബഹുമാനം, ദക്ഷിണ-ദക്ഷിണ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ-ആഫ്രിക്ക ബന്ധം മന്നോട്ട് പോകുന്നതെന്നും ഇരുപക്ഷവും ആവർത്തിച്ചു.