അമേരിക്ക-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥശ്രമം; പാക് സൈനിക മേധാവി അസിം മുനീർ ടെഹ്രാനിൽ

അമേരിക്ക-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥശ്രമം; പാക് സൈനിക മേധാവി അസിം മുനീർ ടെഹ്രാനിൽ


ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്താൻ മധ്യസ്ഥശ്രമങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ വ്യാഴാഴ്ച ടെഹ്രാനിലെത്തും. ഇറാനിയൻ വാർത്താ ഏജൻസിയായ ഐഎസ്എൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ ഭരണകൂടവുമായി ചർച്ചകളും കൂടിക്കാഴ്ചകളും നടത്താനാണ് സന്ദർശനമെന്നാണ് റിപ്പോർട്ടിലുള്ളത്.

മുനീറിന്റെ സന്ദർശനത്തിന് മുന്നോടിയായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂപപ്പെട്ടത്. തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലെത്തിക്കാൻ പാകിസ്താൻ ശ്രമം തുടരുകയാണ്.

അതേസമയം, ഏപ്രിൽ 8 മുതൽ നിലവിലുള്ള വെടിനിർത്തൽ ഉടമ്പടി ഉടൻ തകരാനിടയുണ്ടെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത്. നയതന്ത്ര ചർച്ചകളിൽ ഇതുവരെ പുരോഗതിയില്ലെന്നും ആവശ്യമായ മറുപടി ലഭിക്കാത്ത പക്ഷം സ്ഥിതിഗതികൾ വേഗത്തിൽ മാറാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാന്റെ മുഖ്യ ചർച്ചാകാരനായ മൊഹമ്മദ് ബാഘർ ഖാലിബാഫ് അമേരിക്ക യുദ്ധഭീഷണി മുഴക്കുകയാണെന്ന് ആരോപിച്ചു. ഇത്തവണ യുദ്ധമുണ്ടായാൽ അത് പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകി.

ഇതിനിടെ, സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണ്. വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ മോചിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിനും ഇറാനിയൻ തുറമുഖങ്ങൾക്കും മേലുള്ള അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കണമെന്നുമാണ് ടെഹ്രാന്റെ പ്രധാന ആവശ്യം.