ന്യൂഡൽഹി: ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക സമ്മർദങ്ങൾക്കിടെ വിദേശത്ത് നടക്കുന്ന ആഡംബര വിവാഹങ്ങൾ ഒഴിവാക്കി രാജ്യത്തിനുള്ളിൽ വിവാഹങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ആഹ്വാനം ചെയ്തു. 'വെഡ് ഇൻ ഇന്ത്യ' പ്രചാരണം ഏറെ അത്യാവശ്യമാണെന്ന സന്ദേശമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.
'വിദേശ ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ പ്രവണത വേഗത്തിൽ വർധിക്കുകയാണ്. എന്നാൽ അതിലൂടെ വൻ തോതിൽ വിദേശനാണ്യം പുറത്തേക്ക് പോകുന്നു,' ഒരു പൊതയോഗത്തിൽ മോഡി പറഞ്ഞു. 'വിവാഹങ്ങൾക്ക് ഇന്ത്യയെക്കാൾ മനോഹരവും പുണ്യവുമായ സ്ഥലം മറ്റൊന്നില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില ഉയരുകയും പശ്ചിമേഷ്യൻ മേഖലയിൽ അനിശ്ചിതത്വം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോഡിയുടെ പുതിയ ആഹ്വാനം. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയും വാതകവും ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. അതിൽ വലിയൊരു വിഹിതം പശ്ചിമേഷ്യയിൽ നിന്നുമാണ്.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെ രൂപയുടെ മൂല്യത്തിലും സമ്മർദം ശക്തമായി. യുദ്ധം ആരംഭിച്ചതിനശേഷം രൂപയുടെ മൂല്യം അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന പ്രധാന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഇന്ധന ഉപയോഗം കുറയ്ക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യുക, വിനോദസഞ്ചാരത്തിനായി രാജ്യത്തിനകത്തെ പ്രദേശങ്ങൾ തന്നെ തിരഞ്ഞെടുക്കുക, സ്വർണ വാങ്ങൽ നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും മോഡി മന്നോട്ടുവച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയിൽ സ്വർണ ഇറക്കുമതി വൻ തോതിൽ വിദേശനാണയ ചെലവ് ഉണ്ടാക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയിലെ വിവാഹ വ്യവസായം കഴിഞ്ഞ ഒരു ദശകത്തിനിടെ വൻ വളർച്ചയാണ് കൈവരിച്ചത്. ബോളിവുഡ് ആഘോഷങ്ങളും സോഷ്യൽ മീഡിയ സ്വാധീനവും ചേർന്നതോടെ കോടികൾ ചെലവഴിക്കുന്ന ആഡംബര വിവാഹങ്ങൾ സാധാരണമായിരിക്കുകയാണ്. അമേരിക്കൻ നിക്ഷേപ ബാങ്കായ ജെഫറീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വിവാഹ വ്യവസായത്തിന്റെ മൂല്യം ഏകദേശം 130 ബില്യൺ ഡോളറാണ്. ഭക്ഷ്യവിപണിക്ക് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ വലിയ ഉപഭോക്തൃ മേഖലയുമാണിത്.
അനന്ത് അംബാനിയുടെ വിവാഹം മുതൽ പ്രിയങ്ക ചോപ്ര-നിക് ജോൺസ് വിവാഹം വരെയുള്ള ഇന്ത്യയിലെ ആഡംബര വിവാഹങ്ങൾ ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ കൂടുതൽ യുവദമ്പതികൾ ഇന്ത്യയിൽ തന്നെ വിവാഹം നടത്താൻ താൽപര്യം കാണിക്കുന്നതായി വിവാഹസംഘാടകർ പറയുന്നു. മുംബൈ സ്വദേശിനിയായ ശുഭാംഗി സേത് ഒരുകാലത്ത് ഇറ്റലിയിലെ ലേക്ക് കോമോയിൽ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ ഒടുവിൽ പാരമ്പര്യവും സംസ്‌കാരവും മുൻനിർത്തി ഇന്ത്യയിൽ വിവാഹം നടത്താനാണ് തീരുമാനം.
ഈ വർഷം ജയ്പൂരിൽ ഹിന്ദുസിഖ് ആചാരങ്ങൾ ഉൾപ്പെടുത്തി വിവാഹം നടത്താനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. 'ഇന്ത്യ നൽകുന്ന സൗകര്യവും ആത്മബന്ധവും വിദേശത്ത് ലഭിക്കാൻ ബുദ്ധിമുട്ടാണ്,' ശുഭാംഗി പറഞ്ഞു.
അതേസമയം, മോഡിയുടെ ആഹ്വാനത്തെ പ്രതിപക്ഷം വിമർശിച്ചു. 'സ്വർണം വാങ്ങരുത്, വിദേശത്തപോകരുത്, പെട്രോൾ കുറച്ച് ഉപയോഗിക്കണം എന്നിങ്ങനെ ജനങ്ങളോട് ത്യാഗം ആവശ്യപ്പെടുന്നത് സാമ്പത്തിക പരാജയത്തിന്റെ തെളിവാണ്' എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചത്.
'വെഡ് ഇൻ ഇന്ത്യ'; ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിദേശ വിവാഹങ്ങൾ ഒഴിവാക്കാൻ വീണ്ടും മോഡിയുടെ ആഹ്വാനം
