ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ്; 'SPCX' എന്ന പേരിൽ ഓഹരി വിപണിയിലേക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ്; 'SPCX' എന്ന പേരിൽ ഓഹരി വിപണിയിലേക്ക്


ശതകോടീശ്വരൻ എലോൺ  മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് (SpaceX )ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്കായി (IPO) അപേക്ഷ നൽകി. 'SPCX' എന്ന ടിക്കർ ചിഹ്നത്തിലായിരിക്കും കമ്പനി ഓഹരി വിപണിയിൽ എത്തുക.

80 ബില്യൺ ഡോളറിലധികം സമാഹരിക്കാനാണ് സ്‌പേസ് എക്‌സിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇത് 2019ൽ 26 ബില്യൺ ഡോളർ സമാഹരിച്ച സൗദി അരാംകോയുടെ റെക്കോർഡിനെയും മറികടക്കും.

അടുത്ത മാസം മുതൽ നാസ്ഡാക്ക് സ്റ്റോക്ക് മാർക്കറ്റിലും നാസ്ഡാക്ക് ടെക്‌സാസിലും കമ്പനി ഇരട്ട ലിസ്റ്റിങ്ങോടെയായിരിക്കും വ്യാപാരം ആരംഭിക്കുക.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിപണി സാധ്യതയാണു തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി ഐപിഒ രേഖകളിൽ വ്യക്തമാക്കുന്നു. 28.5 ട്രില്യൺ ഡോളറിന്റെ വിപണി സാധ്യതയാണ് സ്‌പേസ് എക്‌സ് കണക്കാക്കുന്നത്.

ഇതിൽ 370 ബില്യൺ ഡോളറിന്റെ ബഹിരാകാശ സേവന വിപണിയും 1.6 ട്രില്യൺ ഡോളറിന്റെ ഇന്റർനെറ്റ് കണക്ടിവിറ്റി മേഖലയുമുണ്ട്. സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് സേവനവും മൊബൈൽ വിപുലീകരണവുമാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. കൃത്രിമ ബുദ്ധിയുമായി (AI) ബന്ധപ്പെട്ട വിപണി മാത്രം 26.5 ട്രില്യൺ ഡോളറാണെന്നാണ് കമ്പനി വിലയിരുത്തുന്നത്.

കമ്പനിയുടെ ഡയറക്ടർ ബോർഡിൽ എലോൺ മസ്‌ക് ചെയർമാനായിരിക്കും. സ്‌പേസ് എക്‌സ് പ്രസിഡന്റ്   ഗൈ്വൻ ഷോട് വെൽ, ഗൂഗിൾ എക്‌സിക്യൂട്ടീവ് ഡൊണാൾഡ് ഹാരിസൺ  എന്നിവരും ബോർഡിലുണ്ട്.

കഴിഞ്ഞ വർഷം മാത്രം 20.7 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സ്‌പേസ് എക്‌സ് നടത്തിയത്. റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ, എഐ അടിസ്ഥാനസൗകര്യങ്ങൾ, സ്റ്റാർലിങ്ക് ശൃംഖല വികസനം എന്നിവയ്ക്കായാണ് ഈ ചെലവ്.

കമ്പനിയുടെ പ്രധാന വരുമാന സ്രോതസായി സ്റ്റാർലിങ്ക് മാറിക്കൊണ്ടിരിക്കുകയാണ്. മാർച്ചോടെ സ്റ്റാർലിങ്കിന് ഒരു കോടിയിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി പറയുന്നത്. 2025ൽ സ്‌പേസ് എക്‌സിന്റെ ആകെ വരുമാനം 18.7 ബില്യൺ ഡോളറായിരുന്നു. ഇതിൽ 11 ബില്യൺ ഡോളറിലധികവും സ്റ്റാർലിങ്കിൽ നിന്നാണ്.

ഭൂമിയിലെ ഏത് പ്രദേശത്തും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അമേരിക്കൻ ടെലികോം കമ്പനികളായ AT&T, Verizon എന്നിവയെ പ്രധാന എതിരാളികളായും കമ്പനി ചൂണ്ടിക്കാട്ടി.

2028ഓടെ ഭ്രമണപഥത്തിൽ എഐ കമ്പ്യൂട്ടിങ് ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിയും സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചു. എന്നാൽ ഇത് വലിയ സാങ്കേതിക വെല്ലുവിളിയാണെന്ന് കമ്പനി സമ്മതിക്കുന്നു. ഇതിനായി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന്റെ വിജയമാണ് നിർണായകമാകുക.