വിദേശത്ത് ഒളിവിൽ കഴിയുന്ന 10 ഗുണ്ടകളുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നീക്കം; കേന്ദ്രത്തോട് ശുപാർശ ചെയ്ത് ഡൽഹി പൊലീസ്

വിദേശത്ത് ഒളിവിൽ കഴിയുന്ന 10 ഗുണ്ടകളുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നീക്കം; കേന്ദ്രത്തോട് ശുപാർശ ചെയ്ത് ഡൽഹി പൊലീസ്


ന്യൂഡൽഹി: വിദേശത്ത് നിന്ന് സംഘടിത കുറ്റകൃത്യ ശൃംഖലകൾ നിയന്ത്രിക്കുന്നതായി ആരോപണമുള്ള 10 ഗുണ്ടകളുടെയും ഭീകരബന്ധമുള്ള കുറ്റവാളികളുടെയും പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് നിയമനടപടികൾക്ക് വിധേയമാക്കാൻ ഇവരുടെ യാത്രാസ്വാതന്ത്ര്യം നിയന്ത്രിക്കാനാണ് നീക്കം.
ഗുണ്ടാനേതാക്കളായ ഹിമാംശു ഭാവു, കപിൽ സംഗ്വാൻ, രോഹിത് ഗൊഡാര  എന്നിവരടക്കം 10 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭൂമി കൈയേറ്റം, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിലാണ് ഇവർ പ്രതികളായിരിക്കുന്നത്.
പട്ടികയിലുള്ളവരിൽ മൂന്ന് പേർ ഡൽഹിയിൽ നിന്നും, നാല് പേർ ഹരിയാനയിൽ നിന്നും, രണ്ട് പേർ പഞ്ചാബിൽ നിന്നും, ഒരാൾ രാജസ്ഥാനിൽ നിന്നുമുള്ളവരാണ്.
പട്ടികയിലെ പ്രധാന വ്യക്തികളിൽ ഒരാളായ ആർഷ്ദീപ് സിംഗ് ഗിൽ കാനഡയിൽ ഒളിവിലാണെന്നാണ് വിവരം. 50ലേറെ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കൊലപാതകം, ഭീകരപ്രവർത്തനം, ഭീകര ഫണ്ടിംഗ് തുടങ്ങിയ ഗുരുതര കുറ്റങ്ങളുണ്ട്. നിരോധിത ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ യഥാർത്ഥ തലവൻ ഇയാളാണെന്നാണ് ഇന്ത്യയുടെ ആരോപണം.
ഗുജറാൻ സിംഗ് എന്ന ജന്തയും കാനഡയിലാണ് കഴിയുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഡൽഹിയിലെ വ്യവസായിയിൽ നിന്ന് നാല് കോടി രൂപ ആവശ്യപ്പെട്ട കേസിലും പഞ്ചാബിലെ ഗ്രനേഡ് ആക്രമണങ്ങളിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഹിമാംശു ഭാവു ഇപ്പോൾ അമേരിക്കയിൽ നിന്നാണ് കുറ്റകൃത്യ ശൃംഖല നിയന്ത്രിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വെടിവയ്പ് കേസുകളിലും 2024ലെ ബർഗർ കിങ് കൊലപാതക കേസിലും ഇയാളുടെ പേര് ഉയർന്നിരുന്നു. 2023ൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു.

ഡൽഹി സ്വദേശിയായ റാഷിദ് കേബിൾവാല ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നാണ് സംശയം. ലോറെൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്നും നിരവധി കൊലപാതക, ഭീഷണിപ്പണം കേസുകളിൽ ഇയാളുടെ പങ്ക് അന്വേഷിക്കപ്പെടുകയാണെന്നും പൊലീസ് പറയുന്നു.
സചിൻകുമാർ ഗോലുവും ദുബായിലാണെന്ന് കരുതുന്നു. ആയുധനിയമലംഘനം, കൊലപാതകശ്രമം ഉൾപ്പെടെ 11ലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.

ബ്രിട്ടനിൽ കഴിയുന്നതായി കരുതുന്ന കപിൽ സംഗ്വാൻ  ഡൽഹിയിലും ഹരിയാനയിലുമുള്ള ഗുണ്ടാസംഘ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയപ്പെടുന്ന വ്യക്തിയാണ്. ഐഎൻഎൽഡി നേതാവ് നഫെ സിങ് റാത്തിയുടെ കൊലപാതക കേസിലും ഇയാളുടെ പേര് ഉയർന്നിരുന്നു.

രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ രോഹിത് ഗൊഡാര ലോറെൻസ് ബിഷ്‌ണോയ് - ഗോൾഡി ബ്രാർ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗായകൻ സിദ്ധു മൂസെ വാലായുടെ കൊലപാതക ഗൂഢാലോചനയിലും ബോളിവുഡ് താരം  സൽമാൻഖാന്റെ വീടിനു പുറത്തുണ്ടായ വെടിവയ്പിനെക്കുറിച്ചുള്ള അന്വേഷണത്തിലും ഇയാളുടെ പേര് ഉയർന്നിരുന്നു.

അമേരിക്കയിൽ കഴിയുന്നതായി കരുതുന്ന വെങ്കട്ട് ഗാർഗ് , രൺദീപ് മാലിക്, യോഗേഷ് കടിയാൻ എന്നിവരും ഉത്തരേന്ത്യയിൽ വ്യാപകമായ ഭീഷണിപ്പണ, വെടിവയ്പ് ശൃംഖലകൾ നിയന്ത്രിക്കുന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഇവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കിയാൽ വിദേശയാത്രകൾ തടയാനും നിയമപരമായ കൈമാറ്റ നടപടികൾ എളുപ്പമാക്കാനും സാധിക്കുമെന്നാണ് ഡൽഹി പൊലീസിന്റെ പ്രതീക്ഷ.