ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ക്രിക്കറ്റ് കാനഡയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അർവിന്ദർ ഖോസയുടെ വീടിന് നേരെ വെടിവയ്പ്. ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ ന്യൂട്ടൺ മേഖലയിലുള്ള ഖോസയുടെ വീടിനനേരെയാണ് ബുധനാഴ്ച പുലർച്ചെ ആക്രമണം ഉണ്ടായത്.
പുലർച്ചെ 4.40ഓടെ വെടിവയ്പ് നടന്നതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ വാതിലിലും ജനലുകളിലും പുറംഭാഗത്തുമായി കുറഞ്ഞത് അഞ്ച് വെടിയുണ്ടയേറ്റ തുളകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവം സ്ഥിരീകരിച്ച ഖോസ കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ഭീഷണിപ്പണവുമായി ബന്ധപ്പെട്ട ആക്രമണമാകാമെന്നാണ് സറെ പൊലീസ് സംശയിക്കുന്നത്.
ഏപ്രിൽ 9നാണ് ഖോസ ക്രിക്കറ്റ് കാനഡ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക പൊതയോഗത്തിൽ വോട്ടെടുപ്പ് നടത്താൻ ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.
കഴിഞ്ഞ മാസം പുറത്തുവന്ന സിബിഎഫ് ഫിഫ്റ്റ് എസ്റ്റേറ്റ് അന്വേഷണ റിപ്പോർട്ടിന് പിന്നാലെ ക്രിക്കറ്റ് കാനഡ വലിയ വിവാദത്തിലായിരുന്നു. അഴിമതി, സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ സ്വാധീനം, മത്സരഫലം സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉയർന്നത്. എന്നാൽ ആരോപണവിധേയരായ എല്ലാവരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ക്രിക്കറ്റ് ബി.സി പ്രസിഡന്റായും തുടരുന്ന ഖോസയ്ക്ക് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ചില പ്രാദേശിക താരങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും റിപ്പോർട്ടിലുണ്ടായിരുന്നു. 2025ൽ ദേശീയ ടീമിലെ ഒരു താരത്തെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം ഖോസ നേരത്തെ നിഷേധിച്ചിരുന്നു.
ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവയ്പ്; ഭീഷണിപ്പണവുമായി ബന്ധമെന്ന് സംശയം
