ഡല്‍ഹിയിലെത്തിയ ഖത്തര്‍ അമീറിനെ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ സ്വീകരിച്ചത് പ്രോട്ടോക്കോള്‍ നോക്കാതെ

ഡല്‍ഹിയിലെത്തിയ ഖത്തര്‍ അമീറിനെ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ സ്വീകരിച്ചത് പ്രോട്ടോക്കോള്‍ നോക്കാതെ


ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയത് പ്രോട്ടോക്കോള്‍ മാറ്റിവെച്ച്. പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പോകാറില്ല. ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ ആലിംഗനം ചെയ്താണ് മോഡി ഇന്ത്യയിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തര്‍ അമീര്‍ ഡല്‍ഹിയിലെത്തിയത്.

തന്റെ രണ്ടാമത് ഇന്ത്യാ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകീട്ടോടെയാണ് ഖത്തര്‍ അമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനി ന്യൂഡല്‍ഹിയിലെത്തിയത്. 2015ല്‍ ആയിരുന്നു ആദ്യ സന്ദര്‍ശനം. ഡല്‍ഹി വിമാനത്താവളത്തില്‍ ഖത്തര്‍ അമിറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോഡി അദ്ദേഹത്തെ സ്വീകരിച്ചത്.

അമീറിന്റെ സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ ട്വീറ്റ് ചെയ്തു.

മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഉന്നതതല സംഘം അമീറിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തിങ്കളാഴ്ച രാത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഖത്തര്‍ അമീറിന് ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം.