ബെര്‍ലിന്‍: ഇറാനെതിരായ യു എസ്- ഇസ്രയേല്‍ യുദ്ധത്തില്‍ സൈനിക പിന്തുണ ആവശ്യപ്പെട്ട യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഗണിക്കാതെ ജര്‍മനി. ഇത് നമ്മുടെ യുദ്ധമല്ലെന്ന് പ്രതികരിച്ച ജര്‍മന്‍ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് സഖ്യകക്ഷികളുടെ ഇത്തരം നിലപാട് നേറ്റോ സഖ്യത്തിനു ദോഷം ചെയ്യുമെന്ന യു എസ് ഭീഷണിയേയും മുഖവിലയ്‌ക്കെടുത്തില്ല.
ലോകത്തിലെ ശക്തമായ യു എസ് നാവികസേനയ്ക്ക് ചെയ്യാന്‍ കഴിയാത്ത എന്തു കാര്യമാണ് യൂറോപ്യന്‍ ഫ്രിഗേറ്റുകള്‍ ചെയ്യണമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ബെര്‍ലിനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ചോദിച്ചു.
ഈ യുദ്ധം നമ്മുടേതല്ല, നമ്മള്‍ അത് ആരംഭിച്ചിട്ടുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേറ്റോ അംഗങ്ങള്‍ വാഷിങ്ടണിനെ സഹായിക്കാന്‍ എത്തിയില്ലെങ്കില്‍ അതിന്റെ ഭാവി വളരെ മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ പ്രശ്‌നങ്ങളുടെ പേരില്‍ നേറ്റോ തകരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പിസ്റ്റോറിയസ് പറഞ്ഞു.
