അബുദാബി: മേഖലയിൽ തുടരുന്ന സംഘർഷത്തിനിടെ യുഎഇ താൽക്കാലികമായി അടച്ചിരുന്ന വ്യോമപാത വീണ്ടും തുറന്നു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിന് പിന്നാലെ രാജ്യത്തെ വിമാന ഗതാഗതം സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി ചൊവ്വാഴ്ച രാവിലെ വരെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് വ്യോമഗതാഗതം വീണ്ടും സാധാരണ നിലയിലായതായി യുഎഇ പൊതു വ്യോമയാന അതോരിറ്റി അറിയിച്ചു.
ഇതിനിടെ യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ യുഎഇയെ ലക്ഷ്യമിട്ട് 1,900ത്തിലധികം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്രധാനമായും രാജ്യത്തിന്റെ ഗതാഗത സംവിധാനങ്ങളും എണ്ണ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്.
തിങ്കളാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്ത് ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായതോടെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളിലൊന്നായ ഫുജൈറ തുറമുഖത്തും ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം യുഎഇ തലസ്ഥാനമായ അബുദാബിക്ക് സമീപം നടന്ന റോക്കറ്റ് ആക്രമണത്തിൽ ഒരു പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഇതിനിടെ അയൽരാജ്യമായ ഇറാക്കിലെ അമേരിക്കൻ എംബസിക്ക് സമീപവും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കി.
ഈ യുദ്ധത്തിൽ രാജ്യം അന്യായമായി വലിച്ചിഴയ്ക്കപ്പെട്ടതായി യുഎഇ സർക്കാർ കരുതുന്നുവെന്നാണ് വിലയിരുത്തലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി സുരക്ഷിതവും സമ്പന്നവുമായ രാജ്യമെന്ന നിലയിൽ വളർന്ന യുഎഇ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ആശങ്കയിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യത്തെയും സാമ്പത്തിക മേഖലയെയും ബാധിക്കുമോ എന്ന ആശങ്കയും ജനങ്ങളിൽ ഉയരുന്നുണ്ട്.
യുഎഇ അടച്ച വ്യോമപാത തുറന്നു; വീണ്ടും വിമാന സർവീസുകൾ; ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം ഡ്രോൺ ആക്രമണം
