കാബൂളില്‍ സ്‌ഫോടനങ്ങള്‍; പാകിസ്താന്‍ വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപണം

കാബൂളില്‍ സ്‌ഫോടനങ്ങള്‍; പാകിസ്താന്‍ വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപണം


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ തിങ്കളാഴ്ച രാത്രി ശക്തമായ സ്‌ഫോടനങ്ങള്‍. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും   തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. കാബൂളിലെ വ്യോമാക്രമണങ്ങള്‍ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് അഫ്ഗാന്‍ ആരോപിച്ചു.

പ്രാദേശിക സമയം രാത്രി 9 മുതല്‍ 9.15 വരെ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകല്‍ പറയുന്നു. നഗരത്തിലെ ഷഹരെ നാവയും വസീര്‍ അക്ബര്‍ ഖാന്‍ പ്രദേശങ്ങളും ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ നിന്ന് പുക ഉയരുന്നു. സ്‌ഫോടനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ ഭീതിയോടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി സുരക്ഷ തേടിയതായി നാട്ടുകാര്‍ പറഞ്ഞു.

വിശുദ്ധ റമദാന്‍ അവസാനിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. നോമ്പുതുറ കഴിഞ്ഞ് വീട്ടിലിരിക്കുകയായിരുന്ന പലരും സുരക്ഷിത സ്ഥാനങ്ങള്‍ തേടി പുറത്തേക്ക് ഓടുകയായിരുന്നു. ചിലര്‍ വീടുകളുടെ ബേസ്‌മെന്റുകളില്‍ അഭയം തേടിയപ്പോള്‍ മറ്റു ചിലര്‍ തെരുവുകളിലേക്ക് ഓടി രക്ഷപ്പെട്ടു.

പാകിസ്ഥാന്‍ സൈന്യം വീണ്ടും അഫ്ഗാന്‍ ഭൂപ്രദേശം ലംഘിച്ചതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് എക്‌സില്‍ പ്രതികരിച്ചു. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നവര്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം.

അടുത്തിടെ നടന്ന ആക്രമണത്തില്‍ ഒരു മയക്കുമരുന്ന് ചികിത്സാ കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നും ചില സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും മുജാഹിദ് ആരോപിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പാകിസ്ഥാന്‍ സൈന്യം ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച അഫ്ഗാന്‍-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചിട്ടുണ്ട്. കുറച്ചുകാലം സംഘര്‍ഷത്തിന് കുറവുണ്ടായെങ്കിലും കഴിഞ്ഞ മാസം വീണ്ടും ഏറ്റുമുട്ടല്‍ ശക്തമാവുകയായിരുന്നു. 

യുനൈറ്റഡ് നാഷന്‍സിന്റെ അഫ്ഗാനിസ്ഥാന്‍ മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 26 മുതല്‍ കുറഞ്ഞത് 75 സാധാരണക്കാര്‍ ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് പറയുന്നുവെങ്കിലും കിഴക്കന്‍, തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തി വെടിവെയ്പ്പും വ്യോമാക്രമണങ്ങളും പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മൂന്ന് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. ഖോസ്റ്റ് പ്രവിശ്യയിലെ ദുബായ് ഏരിയയില്‍ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായും അറിയിച്ചു. കൂടാതെ നൂരിസ്താന്‍ പ്രവിശ്യയില്‍ ഒരു വീടിന് നേരെയുണ്ടായ ഷെല്‍ ആക്രമണത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ വക്താവ് Hamdullah Fitrat പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിര്‍ത്തി ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് 18 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അധികാരികള്‍ അറിയിച്ചു.

തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമം വ്യാപാരത്തെയും ഗതാഗതത്തെയും ബാധിക്കുകയും ഏകദേശം 1,15,000 പേരെ കുടിയൊഴിപ്പിക്കുകയും ചെയ്തതായി യു എന്‍ എച്ച് സി ആര്‍ വ്യക്തമാക്കി.

അതേസമയം വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു എഫ് പി) 20,000ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട അഫ്ഗാന്‍ കുടുംബങ്ങള്‍ക്ക് അടിയന്തര ഭക്ഷ്യസഹായം വിതരണം ആരംഭിച്ചതായി അറിയിച്ചു. അസ്ഥിരാവസ്ഥ തുടര്‍ന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച രാവിലെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പക്തിയ പ്രവിശ്യയിലെ ഡബ്ല്യു എഫ് പി വിതരണകേന്ദ്രത്തില്‍ 100-ലധികം കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ അടിയന്തര ഭക്ഷ്യസാധനങ്ങള്‍ സ്വീകരിക്കാന്‍ ഒത്തുകൂടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.