തെഹ്‌റാന്‍: ഇസ്രയേല്‍-യു എസ് ആക്രമണങ്ങളില്‍ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്ത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രത്യേക ഉത്തരവു പ്രകാരം 13 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളുമായി റഷ്യയുടെ ഐഎല്‍ 76 വിമാനം അസര്‍ബൈജാനിലെത്തി. യുദ്ധസാഹചര്യത്തില്‍ ഇവിടെ നിന്നായിരിക്കും സഹായം ഇറാന്‍ അധികൃതര്‍ക്ക് കൈമാറുക.
യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇറാന് പരസ്യമായി സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലാവ്‌റോവ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്.
ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്നും അത് തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഏജന്‍സികളെ പാശ്ചാത്യ രാജ്യങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ റഷ്യ ആശങ്ക രേഖപ്പെടുത്തി.
ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ നിഷ്പക്ഷത പാലിക്കണമെന്ന് ലാവ്‌റോവ് ആവശ്യപ്പെട്ടു. സപ്പോറോഷ്യ, ഇറാന്‍ എന്നിവിടങ്ങളിലെ ആണവ നിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
