ഡ്രോൺ ആക്രമണം: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ തീപിടിത്തം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

ഡ്രോൺ ആക്രമണം: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ തീപിടിത്തം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി


ദുബായ് : പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിനിടെ ദുബാസ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം. ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് നഗര അധികാരികൾ അറിയിച്ചു.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ദുബാസ് സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്ത് പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബാസ് സിവിൽ ഏവിയേഷൻ അതോരിറ്റി വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാർ അവരുടെ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഇറാൻ ആക്രമണങ്ങൾ ശക്തമാകുന്നു

പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് ഇറാൻ 1,800ലധികം മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്നാണ് ആരോപണം. എന്നാൽ സമീപ രാജ്യങ്ങളിലെ സാധാരണ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയല്ല ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കൻ സൈനിക താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ്  തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് അവരുടെ നിലപാട്.

യുദ്ധം ആരംഭിച്ചതിനുശേഷം യുഎഇയിൽ ആറു പേർ മരിച്ചതായി യുഎഇ പ്രതിോധ മന്ത്രാലയം  അറിയിച്ചു. ഇതിൽ നാല് സാധാരണ പൗരന്മാരും രണ്ട് സൈനികരുമാണ്. സൈനികരുടെ മരണം ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ അപകടത്തിലാണെന്നും റിപ്പോർട്ടുണ്ട്.

ഗൾഫ് നേതാക്കളുടെ ചർച്ച

ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ടെലിഫോൺ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

അതേസമയം ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽസിദാനിയും യുഎഇ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷാ സാഹചര്യവും ഇരുവരും ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.