ഹോർമുസ് കടലിടുക്ക് സുരക്ഷയ്ക്ക് ചൈനയുടെ പിന്തുണ വേണം; സന്ദർശനം വൈകാൻ സാധ്യതയെന്ന് ട്രംപ്

ഹോർമുസ് കടലിടുക്ക് സുരക്ഷയ്ക്ക് ചൈനയുടെ പിന്തുണ വേണം; സന്ദർശനം വൈകാൻ സാധ്യതയെന്ന് ട്രംപ്


വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിനിടെ ചൈനയുടെ സഹായം ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ചൈനയും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ചൈനയിലേക്കുള്ള തന്റെ അടുത്ത സന്ദർശനം വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചന നൽകി.

ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 'ചൈനയും സഹായിക്കണം. ചൈനയുടെ എണ്ണവിതരണത്തിന്റെ ഏകദേശം 90 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഉച്ചകോടിവരെ കാത്തിരിക്കുന്നത് വൈകും. അതിന് മുമ്പേ കാര്യങ്ങൾ വ്യക്തമാകണം,' എന്നാണ് ട്രംപ് പറഞ്ഞത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കാണുന്നതിനുള്ള തന്റെ ബെയ്ജിംഗ് സന്ദർശനം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പരാമർശം. എന്നാൽ നിലവിലെ യുദ്ധാവസ്ഥയിൽ ഈ സന്ദർശനം മാറ്റിവയ്‌ക്കേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി.

2025ൽ ദക്ഷിണകൊറിയയിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും ഷി ജിൻപിംഗും അമേരിക്ക-ചൈന വ്യാപാര സംഘർഷത്തിൽ താൽക്കാലിക ധാരണയിലെത്തിയിരുന്നു. തുടർന്ന് 2026 മാർച്ചിൽ വീണ്ടും കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനമെടുത്തത്. എന്നാൽ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ മുൻകൂർ ആക്രമണവും, ഇറാനെ ചൈന ഉപഗ്രഹ സാങ്കേതികവിദ്യയിൽ സഹായിച്ചതെന്ന ആരോപണവും ഈ ബന്ധങ്ങളെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.

ഹോർമുസ് കടലിടുക്ക് സുരക്ഷയ്ക്കായി ട്രംപിന്റെ ആഹ്വാനം

വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിൽ നടത്തിയ പോസ്റ്റിൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നിരവധി രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈനയ്ക്ക് പുറമെ ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളെയും ഇതിനായി അദ്ദേഹം ആഹ്വാനം ചെയ്തു.

ഇറാന്റെ സൈനിക ശേഷി 100 ശതമാനം തകർത്തുവെന്ന അവകാശവാദവും ട്രംപ് ഉയർത്തി. എന്നാൽ അതിനിടയിലും ഡ്രോൺ, മൈനുകൾ, ഹ്രസ്വദൂര മിസൈലുകൾ എന്നിവ ഉപയോഗിച്ച് ഇറാൻ ഈ കടലിടുക്കിൽ ഭീഷണി സൃഷ്ടിക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇതിനിടെ  ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ നൽകാൻ പുതിയ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള പ്രഖ്യാപനം ട്രംപ് ഉടൻ നടത്തുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
അതേസമയം  യുദ്ധം ഉടൻ അവസാനിക്കണമെന്നാണ് ചൈനയുടെ നിലപാടെന്ന് അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയായ ചൈന സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പക്ഷങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.