വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല': അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി

വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല': അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി


അമേരിക്കയുമായി യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തലിനോ ചർച്ചയ്‌ക്കോ ഇറാൻ ഒരിക്കലും സമീപിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി വ്യക്തമാക്കി. യുദ്ധം എത്രകാലം വേണ്ടിവന്നാലും സ്വയം പ്രതിരോധിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ടെലിവിഷൻ നെറ്റ്‌വർക്ക് സിബ്എസ് -നു നൽകിയ അഭിമുഖത്തിലാണ് അരാഘ്ചി ഈ നിലപാട് വ്യക്തമാക്കിയത്. 'വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ല. ചർച്ചയ്ക്കും അപേക്ഷിച്ചിട്ടില്ല. ആവശ്യമായിടത്തോളം കാലം ഞങ്ങൾ സ്വയം പ്രതിരോധിക്കും,' എന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയുടെ ആക്രമണം നിയമവിരുദ്ധമാണെന്ന് സമ്മതിക്കുന്നതുവരെ യാതൊരു ചർച്ചയ്ക്കും ഇറാൻ തയ്യാറാകില്ലെന്നും അരാഘ്ചി കൂട്ടിച്ചേർത്തു. മുമ്പും അമേരിക്കയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കെ തന്നെയാണ് അവർ ഇറാനെ ആക്രമിച്ചതെന്നും, അതിനാൽ അമേരിക്കയുമായി സംസാരിച്ചതിൽ നല്ല അനുഭവമൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾക്കും അരാഘ്ചി മറുപടി നൽകി. ഇറാൻ ആക്രമിക്കുന്നത് ഗൾഫ് രാജ്യങ്ങളെയോ സാധാരണ ജനങ്ങളെയോ അല്ലെന്നും, അവിടെയുള്ള അമേരിക്കൻ സൈനിക താവളങ്ങളും ഉപകരണങ്ങളും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സൈന്യം യുഎഇയുടെയും കുവൈത്തിന്റെയും ഭൂമിയിൽ നിന്ന് ഇറാനെ ആക്രമിച്ചതായും അരാഘ്ചി ആരോപിച്ചു. യുഎഇയുടെ മണ്ണിൽ നിന്ന് ഹിമാർസ് റോക്കറ്റുകൾ ഉപയോഗിച്ച് ഇറാനിലെ ദ്വീപുകളെ ആക്രമിച്ചുവെന്നും, ഏതാനും ദിവസം മുമ്പ് കുവൈത്തിൽ മൂന്ന് എഫ് 15 യുദ്ധവിമാനങ്ങൾ 'ഫ്രണ്ട്‌ലി ഫയർ' മൂലം തകർന്നുവെന്ന റിപ്പോർട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ ഇറാൻ കരാറിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  അവകാശവാദം ഉന്നയിച്ചു. എൻബിഎസ് ന്യൂസിനു നൽകിയ ഫോൺ അഭിമുഖത്തിൽ 'ഇറാൻ കരാർ ആഗ്രഹിക്കുന്നു, പക്ഷേ നിലവിലെ നിബന്ധനകൾ മതിയായതല്ല' എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്ക അംഗീകരിക്കാൻ കഴിയുന്ന 'വളരെ ശക്തമായ കരാർ' ആയിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുവശത്ത് യുദ്ധം അവസാനിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ആവർത്തിക്കില്ലെന്ന ഉറച്ച അന്താരാഷ്ട്ര ഉറപ്പ് നൽകുക എന്നിവയാണ് ആ നിബന്ധനകൾ.

ഇതിനിടെ യുദ്ധത്തിൽ അമേരിക്ക വിജയം നേടിയെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും അതിന് തെളിവുകളൊന്നും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ല.