ഭുവനേശ്വറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം: 10 രോഗികൾ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഭുവനേശ്വറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം: 10 രോഗികൾ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി


ഭുവനേശ്വർ:  ഒഡീഷയിലെ ഭുവനേശ്വർ നഗരത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള എസ് സി ബി മെഡിക്കൽ കോളെജ് ആന്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു.

സംഭവസമയത്ത് ട്രോമ കെയർ ഐസിയുവിലും സമീപത്തെ മറ്റൊരു ഐസിയു വാർഡിലും ചേർന്ന് 23 രോഗികളാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തിൽ ഏഴ് പേർ നേരിട്ട് മരണപ്പെട്ടതായും രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റോ പുക ശ്വസിച്ചതിനെ തുടർന്ന് മൂന്ന് പേർ കൂടി മരിച്ചതായും അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി  ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്ന ട്രോമ കെയർ ഐസിയുവിലാണ് ആദ്യം തീ പടർന്നത്.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഫയർ സർവീസ് ഡയറക്ടർ ജനറലിനോട് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരുക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

പുലർച്ചെ 2.30നും 3നും ഇടയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആശുപത്രി ജീവനക്കാരും പൊലീസും ബന്ധുക്കളും ചേർന്ന് ഐസിയുവിലുണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി.