സിപിഐ പുറത്താക്കിയ സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേർന്നു

സിപിഐ പുറത്താക്കിയ  സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേർന്നു


തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കിയ നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബി ജെ പിയിൽ ചേർന്നു. തൃശൂരിലെ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലെത്തിയാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ഓഫിസിൽ എത്തിയത്.
സിപിഐ പുറത്താക്കിയതിന് പിന്നാലെ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ശ്രമം മുകുന്ദൻ നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിക്കാതിരുന്നതോടെ അദ്ദേഹം ബി ജെ പിയിലേക്ക് ചേക്കേറുകയായിരുന്നു.
നാട്ടിക മണ്ഡലത്തിൽ ഇത്തവണ സിപിഐ സ്ഥാനാർത്ഥിയായി മുൻ എംഎൽഎ ഗീത ഗോപിയെ പ്രഖ്യാപിച്ചതോടെയാണ് മുകുന്ദൻ പാർട്ടിക്കെതിരെ രംഗത്തെത്തിയത്. ഗീതാ ഗോപിയുടെ സ്ഥാനാർത്ഥിത്വം 'പേയ്‌മെന്റ് സീറ്റ്' ആണെന്നാരോപിച്ച് അദ്ദേഹം തുറന്ന വിമർശനം നടത്തിയിരുന്നു. പണം സമാഹരിക്കാൻ കഴിയാത്തതിനാലാണ് തന്നെ മാറ്റിനിർത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഈ പ്രസ്താവനകൾക്ക് പിന്നാലെ സിപിഐ നേതൃത്വമാണ് മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പിന്നീട് കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും അതിന് വഴിയൊരുങ്ങിയില്ല.

അതേസമയം, ഒരു ടേം മാത്രം മത്സരിച്ച ചില എംഎൽഎമാർക്ക് പാർട്ടി വീണ്ടും അവസരം നൽകിയിരുന്നുവെങ്കിലും സി.സി മുകുന്ദനെയും തൃശൂർ എംഎൽഎയായ പി.ബാലചന്ദ്രനെയും ഇത്തവണ സിപിഐ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് മുകുന്ദൻ ബിജെപിയിലേക്ക് ചേക്കേറിയത്.