ഇറാൻ കരാറിന് തയ്യാറല്ല; ഖാമനെയിയെ പിന്തുണക്കുന്ന മാർച്ചിന്റെ ചിത്രങ്ങൾ ഐഐ സൃഷ്ടിയെന്ന് ട്രംപ്

ഇറാൻ കരാറിന് തയ്യാറല്ല; ഖാമനെയിയെ പിന്തുണക്കുന്ന മാർച്ചിന്റെ ചിത്രങ്ങൾ ഐഐ സൃഷ്ടിയെന്ന് ട്രംപ്


വാഷിംഗ്ടൺ: അമേരിക്കയുടെ ശ്രമങ്ങൾക്കിടയിലും യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോഴും കരാറിന് തയ്യാറായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഞായറാഴ്ച എയർ ഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഇറാനുമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്. പക്ഷേ അവർ ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് തോന്നുന്നത്. എന്നാൽ കരാറിനോട് അവർ ഏറെ അടുത്തിരിക്കുകയാണ്,' എന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കയുമായി യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി ചർച്ച നടത്തുന്നതിൽ താൽപര്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു.
'ഞങ്ങൾ ശക്തരും സ്ഥിരതയുള്ളവരുമാണ്. ഞങ്ങൾ നമ്മുടെ ജനങ്ങളെ മാത്രമാണ് സംരക്ഷിക്കുന്നത്,' എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. അമേരിക്ക ആക്രമണം നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ ചർച്ചകൾ നടക്കുകയായിരുന്നുവെന്നും അതിനാൽ അമേരിക്കയുമായി സംസാരിച്ച അനുഭവം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ചില ചിത്രങ്ങളും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ട്രംപ് ആരോപിച്ചു. ഇറാൻ നേതാവ് അഴി ഖാനെയിയെ പിന്തുണച്ച് നടന്നതായി പ്രചരിക്കുന്ന മാർച്ചുകളുടെ ചിത്രങ്ങൾ യഥാർത്ഥമല്ലെന്നും അവ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും ട്രംപ് പറഞ്ഞു.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഇറാൻ കൃത്രിമബുദ്ധിയെ ആയുധമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുടെ പ്രമുഖ യുദ്ധക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കൺ  തീപിടിച്ച് കടലിൽ കത്തുന്നതായി ഇറാൻ പ്രചരിപ്പിച്ച ചിത്രങ്ങളും വ്യാജമാണെന്ന് ട്രംപ് പറഞ്ഞു. ആ കപ്പലിന് തീപിടിച്ചതുമില്ല, ആക്രമിക്കപ്പെട്ടതുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള എഐ ചിത്രങ്ങൾ ഉപയോഗിച്ച് ലോകമാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.