ജർമ്മനിയിലെ മൈൻസ് രൂപതയ്ക്ക് കേരളത്തിൽ നിന്നൊരു സഹായ മെത്രാൻ

ജർമ്മനിയിലെ മൈൻസ് രൂപതയ്ക്ക് കേരളത്തിൽ നിന്നൊരു സഹായ മെത്രാൻ


ജർമ്മനിയിലെ മൈൻസ് രൂപതയിൽ സഹായ മെത്രാനായി കേരളത്തിൽ നിന്നുള്ള വൈദികൻ നിയമിതനാകുന്ന ചരിത്ര സംഭവത്തിന് വഴിയൊരുങ്ങി. കോട്ടയം ജില്ലയിലെ മീങ്കുന്നം സ്വദേശിയും കർമ്മലൈറ്റ് സഭ (O.Carm) കേരള പ്രവിശ്യാംഗവുമായ മോൺസിഞ്ഞോർ ജോഷി പൊറ്റയ്ക്കൽ (48) ആണ് മൈൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായതെന്ന് സിറോ-മലബാർ സഭയുടെ കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ അറിയിച്ചു. ജർമ്മനിയിലെ ഒരു രൂപതയിൽ ബിഷപ്പായി ഒരു ഇന്ത്യൻ വൈദികൻ ഉയരുന്നത് ഇതാദ്യമായാണെന്നതും അദ്ദേഹം വ്യക്തമാക്കി.

നിയമനച്ചടങ്ങ് മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മൈൻസ് കത്തീഡ്രലിൽ നടന്നു. മൈൻസ് ബിഷപ്പ് പീറ്റർ കോൾഗ്രാഫ്, ഫ്രൈബർഗ് ആർച്ച് ബിഷപ്പ് സ്റ്റീഫൻ ബർഗർ, ബ്രസീലിലെ ബിഷപ്പ് വില്മാർ സാന്തിൻ (O.Carm) എന്നിവർ ചേർന്നാണ് ചടങ്ങിന് നേതൃത്വം നൽകിയത്.

കഴിഞ്ഞ 21 വർഷമായി ജർമ്മനിയിലെ മൈൻസ് രൂപതയിൽ സേവനം ചെയ്യുന്ന മോൺസിഞ്ഞോർ ജോഷി പൊറ്റയ്ക്കൽ, യുവജന ശുശ്രൂഷ, പള്ളി സഹവികാരി, ഫോറൻ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് രൂപതയിലെ വൈദികരുടെ ചുമതലകളുമായി ബന്ധപ്പെട്ട ഡയോസീസൻ റഫറന്റായും സേവനം അനുഷ്ഠിച്ചു.

വിദേശ രൂപതകളിൽ സ്വദേശികളല്ലാത്തവർക്ക് പ്രധാന നേതൃസ്ഥാനങ്ങൾ നൽകുന്നത് അപൂർവമാണെങ്കിലും, ജർമ്മൻ സമൂഹത്തിൽ വിശ്വാസവും അംഗീകാരവും നേടിയ വ്യക്തിത്വമായതിനാലാണ് മോൺസിഞ്ഞോർ ജോഷി പൊറ്റയ്ക്കലിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.

കോതമംഗലം ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ ഉൾപ്പെടെ നിരവധി വൈദികർ ചടങ്ങിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്ക് എത്തിയിട്ടുണ്ട്.

നഴ്‌സുമാരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികളും താമസിക്കുന്ന ജർമ്മനിയിലെ മലയാളി സമൂഹം ഈ നിയമനം അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള മിഷനറി സമൂഹത്തിനും ഇത് വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു.