ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് എം വി ജയരാജന്‍

ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് എം വി ജയരാജന്‍


കണ്ണൂര്‍: സി പി എം പാര്‍ട്ടിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരെ കടുത്ത വിമര്‍ശനം നടത്തിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ രംഗത്തെത്തി. ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനാണെന്നും ഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് ടി കെ ഗോവിന്ദനോട് ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനും യു ഡി എഫ് പിന്തുണ തേടാനുള്ള തീരുമാനം പാര്‍ട്ടിയോടുള്ള വഞ്ചനയാണെന്നും ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ആരോപണം ജയരാജന്‍ തള്ളി. പി ജയരാജനെ ഒതുക്കി വടകരയില്‍ മത്സരിപ്പിച്ചുവെന്നും കെ കെ ശൈലജ ടീച്ചറെ മട്ടന്നൂരില്‍ നിന്ന് മാറ്റിയെന്നുമുള്ള വാദങ്ങള്‍ വസ്തുതാപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാദങ്ങള്‍ ടി കെ ഗോവിന്ദന്‍ തന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും മത്സരരംഗത്തേക്ക് വരുന്നതിനും വേണ്ടി കെട്ടിച്ചമച്ചതാണെന്നും ജയരാജന്‍ പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭര്‍ത്താവുമായ എം വി ഗോവിന്ദന് യാതൊരു പങ്കുമില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനമാണ് നടപ്പായതെന്നും  യു ഡി എഫിന്റെ പിന്തുണയും വാങ്ങി സി പി എമ്മിനെ പരാജയപ്പെടുത്താമെന്ന് ടി കെ ഗോവിന്ദന്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.