അഞ്ച് മില്യന്‍ ഇന്ത്യക്കാരില്‍ ഒരു മില്യനും അനധികൃത കുടിയേറ്റക്കാരെന്ന് വിവാദ പ്രസ്താവന

അഞ്ച് മില്യന്‍ ഇന്ത്യക്കാരില്‍ ഒരു മില്യനും അനധികൃത കുടിയേറ്റക്കാരെന്ന് വിവാദ പ്രസ്താവന


ഫ്‌ളോറിഡ: ഇന്ത്യക്കാരെ കുറിച്ച് പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഫ്‌ളോറിഡയിലെ  ചാന്ദ്‌ലര്‍ ലാംഗ്‌ജെവിന്‍ ആണ് അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെക്കുറിച്ച് എക്‌സ് പ്ലാറ്റ്ഫോമില്‍ വിവാദ പരാമര്‍ശം നടത്തിയത്. അമേരിക്കയിലുള്ള അഞ്ച് മില്യന്‍ ഇന്ത്യക്കാരില്‍ ഒരു മില്യന്‍ പേരും അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ നാടുകടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

മുപ്പത് വര്‍ഷം മുമ്പ് യു എസില്‍ ഇന്ത്യക്കാര്‍ വളരെ കുറവായിരുന്നുവെന്നും അനധികൃത കുടിയേറ്റക്കാരായവര്‍ വളരെ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ താത്ക്കാലിക എച്ച്-1ബിയും വിദ്യാര്‍ഥി വിസകളും ഉപയോഗിച്ചാണ് വലിയ തോതില്‍ ആളുകള്‍ എത്തിയത്. നമ്മുടെ രാജ്യത്തില്‍ ചരിത്രപരമായോ നിയമപരമായോ അടിസ്ഥാനമില്ലാത്ത വിദേശ വംശീയ വിഭാഗമാണ് ഇതെന്നും അഞ്ച് മില്യന്‍ പേരെ നാടുകടത്തുന്നത് സാധ്യമാണെന്നായിരുന്നു ലാംഗെവിന്റെ പോസ്റ്റ്.

കണ്‍സര്‍വേറ്റീവ്, കുടുംബമൂല്യങ്ങള്‍ മുന്‍നിര്‍ത്തുന്ന രാഷ്ട്രീയ നേതാവ് തുടങ്ങിയ വിശേഷങ്ങളുള്ള ലാംഗെവിന്‍ കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍ (മാഗ) പ്രസ്ഥാനം മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍ (മാഗ) പ്രസ്ഥാന ആശയധാരയുമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതോടൊപ്പം അമേരിക്ക് ഫസ്റ്റ് ദേശീയതാവാദ നിലപാടിനോടും അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, കണക്കുകള്‍ പ്രകാരം 1990-ല്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം ഏകദേശം 8.7 ലക്ഷം മാത്രമായിരുന്നു.

കണക്കുകള്‍ പ്രകാരം യു എസ് സെന്‍സസ് ബ്യൂറോയും അമേരിക്കന്‍ കമ്യൂണിറ്റി സര്‍വേയും നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി 2000-ഓടെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ എണ്ണം ഏകദേശം 18 ലക്ഷമായി ഉയര്‍ന്നു.

2023-ഓടെ ഈ എണ്ണം ഏകദേശം 52 ലക്ഷമായി വര്‍ധിച്ചു. ഇതോടെ ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ ഏഷ്യന്‍ വംശീയ സമൂഹമായി മാറി. അമേരിക്കയിലെ മൊത്തം ഏഷ്യന്‍- അമേരിക്കന്‍ ജനസംഖ്യയുടെ ഏകദേശം 21 ശതമാനവും ഇന്ത്യന്‍ വംശജരാണ്.

പ്രാവീണ്യമുള്ള തൊഴില്‍ കുടിയേറ്റം, ഉയര്‍ന്ന വിദ്യാഭ്യാസം, കുടുംബ പുനഃസംയോജനം എന്നിവയാണ് ഈ വര്‍ധനയ്ക്ക് പ്രധാന കാരണങ്ങളെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ട് 1965 പ്രാബല്യത്തില്‍ വന്നതോടെ ഉയര്‍ന്ന പ്രാവീണ്യമുള്ള വിദഗ്ധര്‍ക്കായി അമേരിക്കന്‍ വിസകള്‍ തുറന്നു. ഇതോടെ നിരവധി ഇന്ത്യന്‍ എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും എച്ച് 1 ബി വിസ പോലുള്ള തൊഴില്‍ വിസകളിലൂടെ അമേരിക്കയിലെത്തി.

അതോടൊപ്പം, ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളും അമേരിക്കയെ പ്രധാന സ്ഥാനമായി തിരഞ്ഞെടുത്തു. കൂടാതെ കുടുംബ അധിഷ്ഠിത കുടിയേറ്റ സംവിധാനവും ഇന്ത്യക്കാരുടെ അമേരിക്കന്‍ ജനസംഖ്യ വര്‍ധിക്കാന്‍ സഹായിച്ചു.