കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സി പി എം സ്ഥാനാര്‍ഥി നിര്‍ണയവും നടന്നതിന് പിന്നാലെ ഇടത് കോട്ടയായ കണ്ണൂരില്‍ വന്‍ പൊട്ടിത്തെറി.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ടി കെ ഗോവിന്ദന്‍ രംഗത്തെത്തി.
തളിപ്പറമ്പ് മണ്ഡലത്തില്‍ മത്സരിക്കുന്ന എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് എതിരെ ജനവിധി തേടുമെന്ന് ടി കെ ഗോവിന്ദന്‍ പ്രഖ്യാപിച്ചു. യു ഡി എഫ് പിന്തുണയോടെയായിരിക്കും മത്സരം. ടി കെ ഗോവിന്ദനെ തളിപ്പറമ്പില്‍ പിന്തുണയ്ക്കാന്‍ യു ഡി എഫില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗോവിന്ദനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി.
കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചെയര്‍മാനായിരുന്നു. ഇത്തവണ സ്ഥാനാര്‍ഥിയാവുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
മൂന്നുതവണ എം എല്‍ എ ആയിരുന്ന എം വി ഗോവിന്ദന്‍ നാലാം തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് പാര്‍ട്ടി യോഗത്തില്‍ എം വി ഗോവിന്ദനോട് താന്‍ നേരിട്ടു പറഞ്ഞിരുന്നെന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ടി കെ ഗോവിന്ദന്‍ പറഞ്ഞു.
