വിദേശത്ത് താമസിക്കുന്ന സ്വന്തം പൗരന്മാർക്ക് നാട്ടിൽ ബിസിനസ് തുടങ്ങാം: പുതിയ നയവുമായി ക്യൂബ

വിദേശത്ത് താമസിക്കുന്ന സ്വന്തം പൗരന്മാർക്ക് നാട്ടിൽ ബിസിനസ് തുടങ്ങാം: പുതിയ നയവുമായി ക്യൂബ


ഹവാന: വിദേശത്ത് താമസിക്കുന്ന ക്യൂബൻ പൗരന്മാർക്കും രാജ്യത്തിനുള്ളിൽ ബിസിനസ് തുടങ്ങാനും നിക്ഷേപിക്കാനും അനുമതി നൽകാൻ ഒരുങ്ങുകയാണ് ക്യൂബ. പുതിയ നിക്ഷേപ നയത്തിന്റെ ഭാഗമായുള്ള ഈ മാറ്റം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് രാജ്യത്തെ ഉപപ്രധാനമന്ത്രി അറിയിച്ചു.

ഉപപ്രധാനമന്ത്രി കൂടിയായ വിദേശ വ്യാപാര മന്ത്രാലയ മേധാവി ഓസ്‌കർ പെരസ് ഒലിവ ഫ്രാഗ അമേരിക്കൻ മാധ്യമമായ എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്. അമേരിക്കയിലെ കമ്പനികളുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനും യുഎസിൽ താമസിക്കുന്ന ക്യൂബൻ വംശജരുമായി സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനും രാജ്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ക്യൂബൻ പ്രവാസികൾക്ക് നാട്ടിൽ നിക്ഷേപം അനുവദിക്കുന്ന തീരുമാനം കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഏറെ സങ്കീർണ്ണമായ വിഷയമായിരുന്നു. വിദേശത്തുള്ള ചില പ്രവാസി സമൂഹങ്ങൾ സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരുന്നതിനെ തുടർന്ന് ഹവാന ഭരണകൂടം അവരെ സംശയത്തോടെ കണ്ടിരുന്നുവെന്നാണ് വിലയിരുത്തൽ.

2021 മുതൽ ക്യൂബയിൽ താമസിക്കുന്ന പൗരന്മാർക്ക് സ്വകാര്യ ബിസിനസുകൾ ആരംഭിക്കാനും നടത്താനും അനുമതി നൽകിയിരുന്നു. എന്നാൽ വിദേശത്ത് താമസിക്കുന്ന ക്യൂബക്കാർക്ക് ഈ അവസരം നൽകിയിരുന്നില്ല.

അതേസമയം 2021 മുതൽ ഇതുവരെ ഒരു മില്യണിൽ അധികം ആളുകൾ ക്യൂബ വിട്ട് വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. ഫിദൽ കാസ്‌ട്രോയുടെ 1959 വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ കുടിയേറ്റ തരംഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ക്യൂബ കടന്നുപോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളും എണ്ണ വിതരണ തടസങ്ങളും മൂലം രാജ്യത്ത് വൈദ്യുതി മുടക്കങ്ങൾ, ഇന്ധന ക്ഷാമം, ഭക്ഷണവും മരുന്നുകളും ലഭ്യമാകാത്ത സാഹചര്യം തുടങ്ങിയ പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുകയാണ്.

ഇതിനിടെ ഡോണൾഡ് ട്രംപ് ഭരണകൂടം വെനസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് പോകുന്ന എണ്ണവിതരണം തടഞ്ഞതും ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയതും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ കടുപ്പിച്ചു.

അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ ആരംഭിച്ചതായി ക്യൂബ അടുത്തിടെ സമ്മതിച്ചതിന് പിന്നാലെയാണ് വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് നാട്ടിൽ ബിസിനസ് നടത്താൻ അനുമതി നൽകുന്ന ഈ നയമാറ്റം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്.