അബുദാബി: മേഖലയിൽ സുരക്ഷാ സാഹചര്യം വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎഇ താൽക്കാലികമായി രാജ്യത്തിന്റെ വ്യോമപാത പൂർണമായും അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ ഭീഷണികളും പ്രവർത്തനപരമായ അപകടസാധ്യതകളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് തീരുമാനം എടുത്തതെന്ന് അധികൃതർ അറിയിച്ചു. ദേശീയവും അന്താരാഷ്ട്രവുമായ ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം നടത്തി കൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും വ്യോമപാത സുരക്ഷയും രാജ്യസുരക്ഷയും സർക്കാരിന്റെ ഏറ്റവും പ്രധാന പരിഗണനയാണെന്നും അധികൃതർ വ്യക്തമാക്കി.
വ്യോമപാത അടച്ചതോടെ നിരവധി വിമാന സർവീസുകൾക്ക് മാറ്റം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. അതിനാൽ യാത്രക്കാർ തങ്ങളുടെ വിമാന കമ്പനികളുമായി ബന്ധപ്പെടുകയും യാത്രാസംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
വിമാന സർവീസുകളിൽ മാറ്റം മൂലം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് ആവശ്യമായ താമസ സൗകര്യവും മറ്റ് സഹായങ്ങളും വിമാനക്കമ്പനികൾ പ്രാദേശിക അധികാരികളുമായി ചേർന്ന് നൽകുമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികാരികൾ ആവർത്തിച്ചു.
ഈ അസാധാരണ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സുരക്ഷാ സാഹചര്യം വഷളാകുന്നു: യുഎഇ താൽക്കാലികമായി വ്യോമപാത അടച്ചു
