വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് മുൻ പ്രസിഡന്റുമാരെ കടുത്ത ഭാഷയിൽ വിമർശിച്ചു. മുൻകാലങ്ങളിൽ അമേരിക്കയെ 'മണ്ടൻ പ്രസിഡന്റുമാരാണ് നയിച്ചതെന്ന്' പറഞ്ഞ വാൻസ്, ഇപ്പോൾ രാജ്യത്തിന് 'ബുദ്ധിമാനായ പ്രസിഡന്റ്' ഉണ്ടെന്നും അതിനാലാണ് തന്റെ നിലപാട് മാറിയതെന്നും പറഞ്ഞു.
തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വാൻസ് തന്റെ മുൻ പ്രസ്താവനകളെക്കുറിച്ച് പ്രതികരിച്ചത്. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ താനും പ്രസിഡന്റും തമ്മിൽ ഭിന്നത ഉണ്ടെന്ന രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വാൻസിന്റെ വാക്കുകളിൽ, ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കരുതെന്ന് 2015 മുതൽ തന്നെ ഡോണൾഡ് ട്രംപ് നിലപാട് എടുത്തിരുന്നു. അതിനോട് താനും യോജിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് മറൈൻ കോർപ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന വാൻസ്, ഒഹായോ സെനറ്ററായിരുന്ന കാലത്ത് വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളെതിരെ ശക്തമായി വിമർശിച്ചിരുന്ന നേതാവായിരുന്നു. എന്നാൽ ഇപ്പോൾ ട്രംപിന്റെ മിഡിൽ ഈസ്റ്റ് സൈനിക നീക്കങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകുകയാണ്.
ഈ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'ഇപ്പോൾ നമ്മുക്ക് ബുദ്ധിമാനായ പ്രസിഡന്റാണ്. അതിനാൽ അമേരിക്കയുടെ ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾ ശരിയായി നടപ്പാക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,' എന്ന് വാൻസ് പറഞ്ഞു.
'അമേരിക്കൻ ജനങ്ങൾക്ക് വേണ്ടി നല്ല തീരുമാനങ്ങൾ എടുക്കാനും പഴയ പിഴവുകൾ ആവർത്തിക്കാതിരിക്കാനും ട്രംപിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇറാനുമായി യുദ്ധത്തിലേക്ക് പോകുന്നതിനെതിരെ വാൻസ് മുൻകാലങ്ങളിൽ നടത്തിയ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ നിലപാട് മാറ്റത്തിന്റെ കാരണം വിശദീകരിച്ചത്.
'അമേരിക്ക ഫസ്റ്റ്' നയവുമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന പ്രസിഡന്റ് ട്രംപ്, മൂന്ന് ആഴ്ച മുമ്പാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്രാനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടത്. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നടപടിയിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക കൂടുതൽ സൈനികരെ അയയ്ക്കുമോ എന്ന ചോദ്യത്തിന് ട്രംപും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരും വ്യക്തമായ മറുപടി നൽകിയിട്ടില്ല. 200ലധികം അമേരിക്കൻ സൈനികർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട് എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് നൽകുന്ന വിവരം.
ഇറാൻ വിഷയത്തിൽ നിലപാട് മാറ്റം: 'മുമ്പ് അമേരിക്കയ്ക്ക് മണ്ടൻ പ്രസിഡന്റുമാരായിരുന്നു' - ജെ.ഡി. വാൻസ്
