ഹോർമുസ് കടലിടുക്ക് സുരക്ഷ: ട്രംപിന്റെ നാവികസേന ആവശ്യം യൂറോപ്യൻ സഖ്യകക്ഷികൾ തള്ളി

ഹോർമുസ് കടലിടുക്ക് സുരക്ഷ: ട്രംപിന്റെ നാവികസേന ആവശ്യം യൂറോപ്യൻ സഖ്യകക്ഷികൾ തള്ളി


വാഷിംഗ്ടൺ/ടോക്കിയോ: ഗൾഫ് മേഖലയിലെ നിർണായകമായ ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാൻ നാവികസേനയെ വിന്യസിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പ്രധാന സഖ്യകക്ഷികൾ തള്ളി. ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയ്ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളും സൈനിക നീക്കത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സംഘർഷം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ആഗോള ഊർജ വിപണിയിൽ സമ്മർദ്ദം കൂടിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ സഖ്യരാജ്യങ്ങളുടെ സഹായം ട്രംപ് ആവശ്യപ്പെട്ടത്.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. അതിനാൽ ഗൾഫ് മേഖലയിലെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കു തന്നെ ഈ പാതയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സഹകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പല സഖ്യരാജ്യങ്ങളും സൈനിക ഇടപെടലിൽ നിന്ന് അകലം പാലിക്കുകയാണ്.

സഖ്യരാജ്യങ്ങളുടെ പ്രതികരണം

ജപ്പാൻ: ഭരണഘടനാപരമായ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സൈന്യത്തെ അയക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി സാനിയി തക്കായ്ച്ചി പാർലമെന്റിൽ അറിയിച്ചു.

ഓസ്‌ട്രേലിയ:  കടലിടുക്കിന്റെ തന്ത്രപ്രധാന്യം അംഗീകരിച്ചെങ്കിലും സൈനിക സഹായം നൽകാനുള്ള പദ്ധതിയില്ലെന്ന് ഓസ്‌ട്രേലിയൻ മന്ത്രി കാതറിൻ കിംഗ് വ്യക്തമാക്കി.

ബ്രിട്ടൻ: ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ നേറ്റോയുടെ ഔദ്യോഗിക ദൗത്യമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

ജർമ്മനി, ഇറ്റലി: നിലവിലെ നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് സൈനിക നീക്കം സാധ്യമല്ലെന്ന് ജർമനി അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര ചർച്ചകളാണ് വഴിയെന്ന് അന്റോണിയോ തജാനി വ്യക്തമാക്കി.

ചൈനയ്ക്കു മേൽ സമ്മർദ്ദം

ചൈനയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണെന്ന് ചൂണ്ടിക്കാട്ടി, ഈ പാതയുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയും മുന്നോട്ടുവരണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. സഹകരണം ഉണ്ടായില്ലെങ്കിൽ തന്റെ ചൈന സന്ദർശനം വൈകിപ്പിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.

യുദ്ധസാഹചര്യം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നം ആഗോള ഊർജ വിപണിയെ കൂടുതൽ ആശങ്കയിലാക്കുകയാണ്.