മയക്കുമരുന്നു പിടിച്ചെടുത്ത കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് ഗുജറാത്ത് കോടതി

മയക്കുമരുന്നു പിടിച്ചെടുത്ത കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് ഗുജറാത്ത് കോടതി


അഹമ്മദാബാദ്: 1996ല്‍ മയക്കുമരുന്ന് പിടികൂടിയ കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി.

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂര്‍ പട്ടണത്തിലെ സെഷന്‍സ് കോടതിയാണ് 1996 മുതലുള്ള മയക്കുമരുന്ന് പിടികൂടിയ കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കുറ്റവാളിയാണെന്ന് വിധിച്ചത്.

ശിക്ഷയുടെ അളവ് വ്യാഴാഴ്ച ഉച്ചയോടെ കോടതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

1996 ല്‍ ഒരു അഭിഭാഷകന്‍ താമസിച്ചിരുന്ന പാലന്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട് രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു അഭിഭാഷകനെ തെറ്റായി പ്രതിചേര്‍ത്തുവെന്നാണ് ഭട്ടിനെതിരെയുള്ള ആരോപണം.

2015-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഭട്ട്, കേസിനാധാരമായ സംഭവം നടക്കുമ്പോള്‍ ബനസ്‌കന്ത ജില്ലയിലെ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയായിരുന്നു.

രാജസ്ഥാനില്‍ അഭിഭാഷകനായ സുമര്‍സിംഗ് രാജ്പുരോഹിതിനെ 1996-ല്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് (എന്‍ഡിപിഎസ് ആക്ട്) പ്രകാരം അദ്ദേഹം താമസിച്ചിരുന്ന പാലന്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന് ആരോപിച്ച് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ രാജസ്ഥാനിലെ പാലിയില്‍  തര്‍ക്കത്തിലുള്ള ഒരു സ്വത്ത് കൈമാറാന്‍ നിര്‍ബന്ധിക്കുന്നതിനായി ബനസ്‌കന്ത പോലീസ് രാജ്പുരോഹിതിനെ തെറ്റായി കുടുക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ പോലീസ് പിന്നീട് പറഞ്ഞു.

കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് 1999ല്‍ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഐ ബി വ്യാസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.