സ്വന്തം ജീവനക്കാരേക്കാള്‍ കുറവ് ശമ്പളമേയുള്ളു ഗൗതം അദാനിക്ക്

സ്വന്തം ജീവനക്കാരേക്കാള്‍ കുറവ് ശമ്പളമേയുള്ളു ഗൗതം അദാനിക്ക്


മുംബൈ: ഇന്ത്യയിലെയും ഏഷ്യയിലെയും സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടോ മൂന്നോ സ്ഥാനങ്ങളില്‍ സ്ഥിരമായി ഇടം നേടുന്ന ഗൗതം അദാനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാങ്ങിയ ശമ്പളം അദ്ദേഹത്തിന്റെ പല ജീവനക്കാരേക്കാളും മറ്റു വ്യവസായികളേക്കാളും കുറവെന്ന് റിപ്പോര്‍ട്ട്. 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അദാനി 9.26 കോടി രൂപയാണ് ശമ്പളമായി വാങ്ങിയത്. ഇതിനേക്കാള്‍ കൂടുതലാണ് അദ്ദേഹത്തിന്റെ നിരയിലുള്ള വ്യവസായികളും അദ്ദേഹത്തിന്റെ സ്വന്തം പ്രധാന ജീവനക്കാരും നേടിയത്. 

61കാരനായ അദാനി തന്റെ പോര്‍ട്ട്-ടു-എനര്‍ജി കൂട്ടായ്മയിലെ 10 കമ്പനികളില്‍ രണ്ടെണ്ണത്തില്‍ നിന്ന് മാത്രമാണ് ശമ്പളം വാങ്ങിയതെന്ന് ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് (എഇഎല്‍) 2023-24ലേക്കുള്ള അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ 2.19 കോടി രൂപ ശമ്പളവും അലവന്‍സുകളും മറ്റു ആനുകൂല്യങ്ങളുമായി 27 ലക്ഷം രൂപയും ഉള്‍പ്പെടെ 2.46 കോടി രൂപയാണ് നേടിയത്. എഇഎല്ലിന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2.46 കോടി രൂപ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണ്.

അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡില്‍ (എപിഎസ്ഇഇസെഡ്) നിന്ന് 6.8 കോടി രൂപ ലഭിച്ചു. 

ഇന്ത്യയിലെ മിക്കവാറും എല്ലാ കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും തലവന്മാരേക്കാള്‍ കുറവാണ് അദാനിയുടെ ശമ്പളം.

ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ മുകേഷ് അംബാനി കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തന്റെ ശമ്പളമായ 15 കോടി രൂപ ഉപേക്ഷിച്ചിരുന്നു. 

ടെലികോം സാര്‍ സുനില്‍ ഭാരതി മിത്തലിന് 2022- 23ല്‍ 16.7 കോടി രൂപ, രാജീവ് ബജാജ് 53.7 കോടി, പവന്‍ മുഞ്ജല്‍ 80 കോടി, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്‍, ഇന്‍ഫോസിസ് സി ഇ ഒ സലില്‍ എസ് പരേഖ് തുടങ്ങിയവരേക്കാളെല്ലാം കുറവാണ് അദാനിയുടെ ശമ്പളം.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം 106 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാകാന്‍  അംബാനിയുമായി മത്സരത്തിലാണ്. 2022-ല്‍ ഏഷ്യയിലെ ഏറ്റവും ധനികനായി മാറിയെങ്കിലും യു എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അപകീര്‍ത്തികരമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഗ്രൂപ്പ് സ്റ്റോക്കിന്റെ ഏകദേശം 150 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കുറച്ചതോടെയാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 

ഈ വര്‍ഷം രണ്ട് തവണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും വീണ്ടും അംബാനി തന്നെ ഒന്നാമതെത്തി. 

111 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ്. അദാനി 14-ാം സ്ഥാനത്താണ്.

അദാനിയുടെ ഇളയ സഹോദരന്‍ രാജേഷിന് എഇഎല്ലില്‍ നിന്ന് 4.71 കോടി കമ്മീഷന്‍ ഉള്‍പ്പെടെ 8.37 കോടി രൂപ ലഭിച്ചു. അദ്ദേഹത്തിന്റെ അനന്തരവന്‍ പ്രണവ് അദാനി 4.5 കോടി രൂപ കമ്മീഷന്‍ ഉള്‍പ്പെടെ 6.46 കോടി രൂപ നേടിയെന്ന് ് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എഇഎല്ലില്‍ നിന്ന് ഗൗതം അദാനി കമ്മീഷനൊന്നും എടുത്തിട്ടില്ല. പക്ഷേ എപിഎസ്ഇസെഡില്‍ നിന്ന് അഞ്ച് കോടി രൂപ ലഭിച്ചിട്ടുണ്ട്. എപിഎസ്ഇസെഡില്‍ നിന്നുള്ള പ്രതിഫലത്തില്‍ 1.8 കോടി രൂപ ശമ്പളവും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട അഞ്ച് കോടി രൂപ കമ്മീഷനും ഉള്‍പ്പെടുന്നുവെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

അദ്ദേഹത്തിന്റെ മകന്‍ കരണ്‍ എപിഎസ്ഇസെഡില്‍ നിന്ന് 3.9 കോടി രൂപ സമ്പാദിച്ചു.

ഗൗതം അദാനിയുടെ സഹോദരനും മരുമകനും മകനും ഒന്നിലധികം കമ്പനികളില്‍ നിന്ന് ശമ്പളം വാങ്ങുന്നില്ല.

എഇഎല്‍ ബോര്‍ഡിലെ പ്രധാന എക്‌സിക്യൂട്ടീവും ഡയറക്ടറുമായ വിനയ് പ്രകാശിന് ആകെ പ്രതിഫലമായി ലഭിച്ചത് 89.37 കോടി രൂപയാണ്. ഗ്രൂപ്പ് സി എഫ് ഒ ജുഗേഷിന്ദര്‍ സിംഗിന് 9.45 കോടി രൂപ ശമ്പളം ലഭിച്ചു.

ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ സ്ഥാപനമായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സി ഇ ഒ വിനീത് എസ് ജെയിന്‍ 15.25 കോടി രൂപയും അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍) സി ഇ ഒ സുരേഷ് പി മംഗ്ലാനി 6.88 കോടി രൂപയും നേടി. അദാനി വില്‍മര്‍ സി ഇ ഒ ആംഗ്ഷു മല്ലിക്കിന് 5.15 കോടി രൂപ ലഭിച്ചു.

പ്രധാന മാനേജര്‍മാര്‍ (കെഎംപികള്‍) ഒഴികെയുള്ള ജീവനക്കാര്‍ക്ക് ശരാശരി 12 ശതമാനം ശമ്പള വര്‍ധനവും കെഎംപികള്‍ക്ക് 5.37 ശതമാനം വര്‍ധനവും ലഭിച്ചതായി എഇഎല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

അദാനി പവറിന്റെ സി ഇ ഒ എസ് ബി ഖ്യാലിയയ്ക്ക് 5.63 കോടി രൂപയാണ് ലഭിച്ചത്.