ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റ് ഇന്ന് തന്നെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരും. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കര തൊടാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
വേലിയേറ്റവും മഴയും ഉള്‍പ്പെടെ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുന്നുണ്ട്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഫെംഗല്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നത് തമിഴ്നാട്ടിലെ തീരപ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് ചെന്നൈ റീജണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ എസ് ബാലചന്ദ്രന്‍ ഇന്നലെ (നവംബര്‍ 29) പറഞ്ഞിരുന്നു. പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലുള്ള ക്രോസിംഗ് പോയിന്റുള്ള തീരദേശ ജില്ലകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായി ആന്ധ്രാപ്രദേശ് വിശാഖപട്ടണം സൈക്ലോണ്‍ വാണിങ് സെന്റര്‍ ഡയറക്ടര്‍ ശ്രീനിവാസ് പറഞ്ഞു. കാറ്റ് വടക്ക് പടിഞ്ഞാറോട്ട് നീങ്ങി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്ക് തമിഴ്നാട്, പുതുച്ചേരി തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാടിന്റെ സമീപ ജില്ലകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി
ഫെംഗല്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പുതുച്ചേരി ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഫെംഗല്‍ ചുഴലിക്കാറ്റ് ഇന്ന് തന്നെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; തമിഴ് നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം