'ഹിന്ദുമുസ്ലിം രാഷ്ട്രീയം തൊഴിൽ നൽകില്ല'; പ്രതിഷേധത്തിന് പിന്നാലെ വിദ്യാഭ്യാസതൊഴിൽ വിഷയങ്ങൾ ഉയർത്തി അബിജീത് ദിപ്‌കെ

'ഹിന്ദുമുസ്ലിം രാഷ്ട്രീയം തൊഴിൽ നൽകില്ല'; പ്രതിഷേധത്തിന് പിന്നാലെ വിദ്യാഭ്യാസതൊഴിൽ വിഷയങ്ങൾ ഉയർത്തി അബിജീത് ദിപ്‌കെ


ഔറംഗാബാദ്: രാജ്യത്തെ രാഷ്ട്രീയം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഹിന്ദുമുസ്ലിം വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അതിലൂടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കില്ലെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അബിജീത് ദിപ്‌കെ. ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദിപ്‌കെയുടെ പ്രതികരണം.

യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിദ്യാഭ്യാസവും തൊഴിലവസരങ്ങളുമാണ് രാജ്യത്തെ പ്രധാന ചർച്ചാവിഷയങ്ങളാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ആവർത്തിച്ച ദിപ്‌കെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചാലും സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ ദിപ്‌കെ, രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള അജൻഡയുമായി മന്നോട്ടുപോകുമെന്നും പറഞ്ഞു. തൊഴിൽ പ്രശ്‌നവും യുവാക്കളുടെ പ്രധാന ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനത്തെ വിമർശിച്ച ദിപ്‌കെ, സ്വകാര്യ സ്ഥാപനങ്ങളിൽ പിഴവ് സംഭവിച്ചാൽ ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടാകമ്പോൾ സർക്കാർ പരീക്ഷകളിൽ ആവർത്തിച്ച് പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരെ വിമർശിച്ചവർക്കും ദിപ്‌കെ മറുപടി നൽകി. സമരത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്നും പ്രതിഷേധക്കാരെയും ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും രാജ്യവിരുദ്ധരായി മുദ്രകുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിജെപിയുടെ പ്രക്ഷോഭത്തെ അയൽരാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങൾ ശക്തമാണെന്നും ദിപ്‌കെ അഭിപ്രായപ്പെട്ടു. ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ഭാവിയിൽ കൂടുതൽ വിപുലമായ രീതിയിൽ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവും സ്ഥാപിക്കില്ലെന്നും ഈ പ്രസ്ഥാനം ജനറേഷൻ സെഡ് യുവാക്കൾക്കവേണ്ടിയുള്ളതാണെന്നും ദിപ്‌കെ പറഞ്ഞു. പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവർക്ക് പുറത്തുനിന്ന് പിന്തുണ നൽകാമെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായും സിജെപി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.