ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സമുദ്ര സുരക്ഷാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വ്യാപാര കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ 'അംഗീകരിക്കാനാകില്ല' എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
ഈ ആക്രമണങ്ങൾ ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതു സഭയിൽ സംസാരിക്കവേ ഇന്ത്യയുടെ പ്രതിനിധിയായ ഹരീഷ് പി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ ഇന്ത്യൻ നാവികർ ജീവൻ നഷ്ടപ്പെട്ടതും അദ്ദേഹം ദുഃഖത്തോടെ പരാമർശിച്ചു.
ലോകത്തിലെ പ്രധാന എണ്ണവാതക ഗതാഗത മാർഗമായ ഹോർമൂസ് കടലിടുക്ക് തടസപ്പെടുന്നത് ഇന്ത്യയുടെ ആഭ്യന്തര വിലസ്ഥിരതയെയും വ്യാവസായിക ഉൽപാദനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണണെന്നും, ഈ മേഖലയിൽ തുടരുന്ന സംഘർഷം കൂടുതൽ വഷളാകുന്നത് ആഗോള വ്യാപാരത്തിനും വലിയ തിരിച്ചടിയാകുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം 'അംഗീകരിക്കാനാകില്ല'; ഇന്ത്യൻ നാവികരുടെ മരണത്തിൽ ആശങ്ക
