നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന്‍ മരിച്ചു

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന്‍ മരിച്ചു


കാഠ്മണ്ഡു: നേപ്പാളിലെ സോലുഖുംബു ജില്ലയില്‍ ലാന്‍ഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

മരിച്ച ഇന്ത്യന്‍ പൗരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിനായി നേപ്പാള്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 

ഫിഷ്ടെയില്‍ എയര്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുകയായിരുന്ന വസന്ത് കുമാര്‍ ബാലരാമരമഡുവാണ് മരിച്ചത്. മൃതദേഹം ലുക്ലയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി ഇന്‍സ്‌പെക്ടര്‍ മൗസം താമങ് അറിയിച്ചു. 'ദ കാഠ്മണ്ഡു പോസ്റ്റ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്ന ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് പൗരന്‍ ശൈലേഷ് കൃഷ്ണ പട്ടേലിന് അപകടത്തില്‍ പരിക്കുണ്ട്. പ്രഭു എയര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഇദ്ദേഹത്തെ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ രണ്ട് ഹെലികോപ്റ്ററുകളിലെയും പൈലറ്റുമാര്‍ക്കും നിസ്സാര പരിക്കേറ്റു. തുടര്‍ചികിത്സയ്ക്കായി ഇവരെയും കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി.

എയര്‍ ഡൈനസ്റ്റി, ഫിഷ്ടെയില്‍ എയര്‍ എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. ഖുംബു പസാങ് ലാമു ഗ്രാമസഭയിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഫേരിച്ചെയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രാവിലെ 8.11ഓടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ പോലീസ് ഓഫീസ് അറിയിച്ചു.

അപകടസമയത്ത് രണ്ട് ഹെലികോപ്റ്ററുകളിലുമായി എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ഹെലികോപ്റ്ററുകളും അപകടകരമാംവിധം അടുത്തേക്ക് നീങ്ങുന്നതും തുടര്‍ന്ന് അവയുടെ റോട്ടര്‍ ബ്ലേഡുകള്‍ പരസ്പരം തട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.