ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നതിനിടെ ഇന്ത്യൻ നാവികസേനയ്ക്ക് മറ്റൊരു എംഎച്ച്60ആർ സീഹോക്ക് (MH-60R Seahawk) മൾട്ടിറോൾ നാവിക ഹെലികോപ്റ്റർ കൂടി ലഭിച്ചു. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ ഹെലികോപ്റ്ററിന് പുറമെ ഈ ആഴ്ച രണ്ട് എണ്ണം കൂടി എത്തുമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ അറിയിച്ചു.
ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ച അത്യാധുനിക ഹെലികോപ്റ്ററാണിത്. ഇന്ത്യ-അമേരിക്ക പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് പുതിയ കൈമാറ്റമെന്ന് അംബാസഡർ എക്‌സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച നാവിക ഹെലികോപ്റ്ററുകളിലൊന്നായി കണക്കാക്കപ്പെടുന്ന എംഎച്ച്60ആർ, അന്തർവാഹിനി വേട്ട (Anti-Submarine Warfare), ശത്രുകപ്പലുകൾക്കെതിരായ ആക്രമണം (Anti-Surface Warfare), സമുദ്ര നിരീക്ഷണം, തിരച്ചിൽ-രക്ഷാപ്രവർത്തനം, സമുദ്ര സുരക്ഷാ ദൗത്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള കപ്പലുകൾ കണ്ടെത്താനും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ചെറിയ ബോട്ടുകൾ തിരിച്ചറിയാനും പ്രതികൂല കാലാവസ്ഥയിലും രാത്രിയിലും പ്രവർത്തിക്കാനും ഹെലികോപ്റ്ററിന് കഴിയും. സമുദ്രത്തിനടിയിലെ അന്തർവാഹിനികളെ കണ്ടെത്താൻ ലോഫ്രീക്വൻസി ഡിപ്പിംഗ് സോണാർ സംവിധാനവും ഇതിലുണ്ട്. കണ്ടെത്തുന്ന അന്തർവാഹിനികളെ ലൈറ്റ് വെയ്റ്റ് ടോർപിഡോകൾ ഉപയോഗിച്ച് ആക്രമിക്കാനും കഴിയും.
ഉയർന്ന റെസല്യൂഷനുള്ള ഡേലൈറ്റ് ക്യാമറകൾ, ഇൻഫ്രാറെഡ് തെർമൽ ഇമേജർ, ലേസർ റേഞ്ച് ഫൈൻഡർ, ലേസർ ഡിസിഗനേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഹെലികോപ്റ്ററിലുണ്ട്. അതിവേഗ ആക്രമണ ബോട്ടുകൾ, പട്രോൾ ബോട്ടുകൾ, ചെറുകിട യുദ്ധക്കപ്പലുകൾ, തീരപ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ എന്നിവയെ ആക്രമിക്കാൻ എജിഎം114 ഹെൽഫയർ മിസൈലുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
24 എംഎച്ച്60ആർ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി 2020ലാണ് ഇന്ത്യ അമേരിക്കയുമായി ഏകദേശം 7,995 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചത്. 2024 മാർച്ചിൽ കൊച്ചിയിലെ ഐ.എൻ.എസ്. ഗരുഡയിൽ നടന്ന ചടങ്ങിൽ ഈ മൾട്ടിറോൾ ഹെലികോപ്റ്ററുകൾ ഇന്ത്യൻ നാവികസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരുന്നു. പുതിയ ഹെലികോപ്റ്ററുകൾ കൂടി എത്തുന്നതോടെ സമുദ്രാതിർത്തിയിലെ ഇന്ത്യയുടെ നിരീക്ഷണപ്രതിരോധ ശേഷി കൂടുതൽ ശക്തമാകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഇന്ത്യൻ നാവികസേനയ്ക്ക് മറ്റൊരു എംഎച്ച്60ആർ സീഹോക്ക്; ഈ ആഴ്ച രണ്ട് ഹെലികോപ്റ്ററുകൾ കൂടി എത്തും
