ഇന്ത്യയുടെ ആദ്യ ദേശീയ ഭീകരവിരുദ്ധ നയം 'പ്രഹാര്‍' പ്രഖ്യാപിച്ചു

ഇന്ത്യയുടെ ആദ്യ ദേശീയ ഭീകരവിരുദ്ധ നയം 'പ്രഹാര്‍' പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: ഇന്ത്യ 'പ്രഹാര്‍' എന്ന ആദ്യ സമഗ്ര ദേശീയ ഭീകരവിരുദ്ധ നയവും തന്ത്രരേഖയും പ്രഖ്യാപിച്ചു. സംഭവങ്ങള്‍ക്കുശേഷം പ്രതികരിക്കുന്ന പഴയ രീതിയില്‍ നിന്ന് ഭീഷണികളെ മുന്‍കൂട്ടി തടയുന്ന സമീപനത്തിലേക്കുള്ള നിര്‍ണായക മാറ്റമാണ് ഈ രേഖ സൂചിപ്പിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ഉള്‍പ്പെടെ, സൈബര്‍ ആക്രമണങ്ങളിലൂടെ ഇന്ത്യയെ ലക്ഷ്യമിടുന്ന ഹാക്കര്‍മാരും ചില രാജ്യങ്ങളും ഭീഷണിയായി തുടരുന്നുവെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ തന്ത്രരേഖയില്‍ ജലം, കര, വായു എന്നീ എല്ലാ മേഖലകളിലുമുള്ള ഭീകരഭീഷണികളെ ഇന്ത്യ നേരിടുന്നതായി പറയുന്നു. വൈദ്യുതി, റെയില്‍വേ, വ്യോമയാനം, തുറമുഖങ്ങള്‍, പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം തുടങ്ങിയ സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക മേഖലകള്‍ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാന്‍ ശേഷികള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത രേഖയില്‍ ഇന്ത്യ ഭീകരവാദത്തെ ഏതെങ്കിലും മതത്തോടോ ജാതിയോടോ ദേശീയതയോടോ സംസ്‌കാരത്തോടോ ബന്ധിപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു. അതേസമയം, അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള സ്‌പോണ്‍സര്‍ഡ് ടെററിസം രാജ്യത്തെ ദീര്‍ഘകാലമായി ബാധിച്ചുവരുന്നതായും ജിഹാദി ഭീകരസംഘടനകളും അവരുടെ മുന്നണിസംഘടനകളും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതായും രേഖ പറയുന്നു.

ആഗോള ഭീകരസംഘടനകളായ അല്‍ ഖാഇദയും ഐഎസും സ്ലീപ്പര്‍ സെല്ലുകള്‍ വഴി രാജ്യത്തിനകത്ത് അക്രമം പ്രേരിപ്പിക്കാന്‍ ശ്രമിച്ചുവരുന്നതായും രേഖയില്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അതിക്രമവാദികളും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചനകള്‍ ആസൂത്രണം ചെയ്തതായി സൂചനയുണ്ട്.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പ്രവര്‍ത്തകര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പഞ്ചാബിലും ജമ്മു കശ്മീരിലും ഭീകരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതായി രേഖ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ലോജിസ്റ്റിക്‌സ്, റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കായി ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളുമായി ഭീകരസംഘങ്ങള്‍ കൂട്ടുകെട്ട് സ്ഥാപിക്കുന്ന പ്രവണതയും വര്‍ധിക്കുന്നതായി വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ രംഗത്ത്, പ്രചാരണം, ഫണ്ടിംഗ്, പ്രവര്‍ത്തന നിര്‍ദേശങ്ങള്‍ എന്നിവയ്ക്കായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍, എന്‍ക്രിപ്ഷന്‍ ഉപകരണങ്ങള്‍, ഡാര്‍ക്ക് വെബ് എന്നിവ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തുന്നു.

രാസ, ജൈവ, കിരണ, ആണവ, സ്‌ഫോടക, ഡിജിറ്റല്‍ വസ്തുക്കള്‍ ഭീകരര്‍ കൈവശപ്പെടുത്തുന്നത് തടയുന്നത് ഭീകരവിരുദ്ധ ഏജന്‍സികള്‍ക്ക് വെല്ലുവിളിയായിത്തന്നെ തുടരുന്നു. ഡ്രോണുകളും റോബോട്ടിക് സാങ്കേതികവിദ്യകളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ആശങ്കാജനകമാണെന്ന് രേഖ പറയുന്നു.

ഭാവി പ്രവര്‍ത്തനരേഖയില്‍ എഫ് ഐ ആര്‍ രജിസ്‌ട്രേഷന്‍ മുതല്‍ പ്രോസിക്യൂഷന്‍ വരെ ഓരോ ഘട്ടത്തിലും നിയമ വിദഗ്ധരെ ഉള്‍പ്പെടുത്തി ശക്തമായ കേസുകള്‍ തയ്യാറാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. രാജ്യാതീത ഭീകരവാദത്തെ ചെറുക്കാന്‍ ദേശീയ നടപടികളോടൊപ്പം അന്താരാഷ്ട്ര, പ്രാദേശിക സഹകരണവും നിര്‍ണായകമാണെന്നും രേഖ വ്യക്തമാക്കുന്നു.