ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിനെതിരെ ആരോപണവുമായി പ്രസിഡന്റ്

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിനെതിരെ ആരോപണവുമായി പ്രസിഡന്റ്


ധാക്ക: മുഹമ്മദ് യൂനുസ് നയിച്ച ഇടക്കാല സര്‍ക്കാറിനെതിരെ കടുത്ത ആരോപണവുമായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍. ഇടക്കാല സര്‍ക്കാര്‍ തനിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തിയതായും രാജ്യത്തിന്റെ പ്രധാന കാര്യങ്ങളില്‍ ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രസിഡന്റിനെ അവഗണിച്ചും പ്രവര്‍ത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബംഗാളി ദിനപത്രമായ കലര്‍ കാന്തോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദേശ സന്ദര്‍ശനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഭരണഘടനാനുസൃതമായി പ്രസിഡന്റിനെ കണ്ടു എഴുത്തുപരമായി വിവരങ്ങള്‍ കൈമാറേണ്ട ബാധ്യത യൂനുസ് പാലിച്ചില്ലെന്ന് ഷഹാബുദ്ദീന്‍ പറഞ്ഞു.

യൂനുസ് 14 മുതല്‍ 15 തവണ വരെ വിദേശത്തുപോയെങ്കിലും ഒരിക്കല്‍പോലും തന്നെ അറിയിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇടക്കാല ഭരണകൂടം തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന അനുഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ് വിംഗ് പിരിച്ചുവിട്ടതും വിദേശത്തുള്ള ബംഗ്ലാദേശ് മിഷനുകളില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതും ഉദ്ദേശ്യപൂര്‍വമായ ഒറ്റപ്പെടുത്തല്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശും യു എസും തമ്മിലുള്ള പുതിയ തീരുവ കരാറിനെക്കുറിച്ചും തനിക്ക് ഔപചാരികമായോ അനൗപചാരികമായോ യാതൊരു വിവരവും ലഭിച്ചില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഇത്തരത്തിലുള്ള രാജ്യാന്തര കരാര്‍ പ്രസിഡന്റിനെ അറിയിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാല്‍ വാചികമായോ എഴുത്തുപരമായോ എന്നെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടക്കാല സര്‍ക്കാര്‍ തന്റെ തന്നെ നീക്കത്തിലൂടെയാണ് രൂപീകരിച്ചതെന്ന് പറഞ്ഞ ഷഹാബുദ്ദീന്‍ തുടര്‍ന്ന് യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ചു. ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിലര്‍ തന്നെ പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) നേതൃത്വം ആ സമയത്ത് തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി എന്‍ പി ചെയര്‍മാന്‍ താരീഖ് റഹ്മാനെ കുറിച്ച്  തുടക്കത്തില്‍ കൗതുകം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം സത്യസന്ധനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. തന്റെ മോശം സമയത്ത് ബി എന്‍ പിയുടെ പിന്തുണ നൂറുശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കു പകരം മുന്‍ ചീഫ് ജസ്റ്റിസിനെ പ്രസിഡന്റാക്കാനുള്ള ശ്രമവും ഇടക്കാല സര്‍ക്കാരില്‍ നിന്നുണ്ടായതായി ഷഹാബുദ്ദീന്‍ ആരോപിച്ചു. ഒരു അഡൈ്വസര്‍ മുന്‍ ചീഫ് ജസ്റ്റിസുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രസിഡന്റ് സര്‍ക്കാര്‍ സംവിധാനത്തിലെ പരമോന്നത സ്ഥാനമാണെന്നും ഭരണഘടനാവിരുദ്ധമായി ആ സ്ഥാനം സ്വീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് അദ്ദേഹം അത് നിരസിച്ചതായും പ്രസിഡന്റ് വെളിപ്പെടുത്തി.

തന്റെ വിദേശ സന്ദര്‍ശനങ്ങള്‍ മുന്‍കൂട്ടി ആലോചിക്കാതെയാണ് തടസ്സപ്പെടുത്തിയതെന്നും പൊതുജനങ്ങളില്‍ തന്റെ സാന്നിധ്യം കുറയ്ക്കാന്‍ യൂനുസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഖത്തറില്‍ നിന്നുള്ള ക്ഷണം നിരസിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ കത്തില്‍ ഒപ്പിടാന്‍ ഒരിക്കല്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ വിദേശകാര്യ മന്ത്രാലയത്തേക്ക് മറുപടി കത്ത് അയച്ച് ആ നീക്കത്തെ ചോദ്യം ചെയ്തു. അതില്‍ മന്ത്രാലയത്തിന്റെ നൈതികമല്ലാത്ത പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വിദേശകാര്യ ഉപദേഷ്ടാവിനും എഴുതിയെങ്കിലും അതിന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടക്കാല സര്‍ക്കാരുമായി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഭരണഘടനാപരമായ ക്രമവും തുടര്‍ച്ചയും സംരക്ഷിക്കാനാണ് താന്‍ പദവിയില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ഷഹാബുദ്ദീന്‍ പറഞ്ഞു.