യുഎസ്-ഇറാൻ സംഘർഷം ശക്തം; ഇന്ത്യക്കാർ ഇറാൻ വിട്ടുപോകണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം

യുഎസ്-ഇറാൻ സംഘർഷം ശക്തം; ഇന്ത്യക്കാർ ഇറാൻ വിട്ടുപോകണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം


ടെഹ് റാൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും രാജ്യത്ത് നിന്ന് ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് ഉടൻ പുറപ്പെടാൻ ടെഹ്രാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവരടങ്ങുന്ന ഇന്ത്യൻ സമൂഹത്തോടാണ് എംബസി പ്രത്യേകമായി അഭ്യർത്ഥിച്ചത്.

ജനുവരി 14ന് പുറത്തിറക്കിയ മുൻ നിർദേശത്തിന്റെ തുടർച്ചയായാണ് പുതിയ മുന്നറിയിപ്പ്. പ്രതിഷേധങ്ങളോ പൊതുയോഗങ്ങളോ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണം, പ്രാദേശിക വാർത്തകളും എംബസിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരന്തരം പരിശോധിക്കണം, എംബസിയുമായി ബന്ധത്തിൽ തുടരണമെന്നും എംബസി നിർദേശിച്ചു.

ഇറാനിൽ നിലവിൽ കഴിയുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും, എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. പാസ്‌പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ യാത്രാ-ഇമിഗ്രേഷൻ രേഖകൾ കൈവശം സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ എംബസിയെ സമീപിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അടിയന്തര സഹായത്തിനായി മൊബൈൽ നമ്പറുകളും എംബസി പുറത്തുവിട്ടിട്ടുണ്ട്.

ഫെബ്രുവരി 14ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശത്തിലും അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ശക്തമായി അഭ്യർത്ഥിച്ചിരുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജന്മക്കാരും ജാഗ്രത പാലിക്കണമെന്നും ജനുവരി 5ലെ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇറാനും യുഎസും തമ്മിലുള്ള ആണവകരാറിനെച്ചൊല്ലിയുള്ള ചർച്ചകൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സംഘർഷം കനക്കുന്നത്. ഫെബ്രുവരി 25ന് ഒമാനിൽ അടുത്തഘട്ട ചർച്ചകൾ നിശ്ചയിച്ചിരിക്കുകയാണ്. ഇതിനിടയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാന്റെ സുപ്രീം നേതാവ് ആയത്തൊള്ള അലി ഖാമനെയിയും തമ്മിൽ വാക്കേറ്റം തുടരുകയാണ്.

ഇറാനെ ചുറ്റിപ്പറ്റി അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. 'യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്' വിമാനവാഹിനിക്കപ്പൽ ജിബ്രാൾട്ടർ കടലിടുക്കിന് സമീപം പാശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. 'യുഎസ്എസ് ഏബ്രഹാം ലിങ്കൺ' അറേബ്യൻ കടലിൽ ഒമാന്റെ തീരത്തോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്. ഖത്തറിലെ അൽ ഉദൈദ് എയർബേസിലും ബഹറൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയിൽ നിന്നും നൂറുകണക്കിന് സൈനികരെ പിൻവലിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ആണവകരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ഇറാനെതിരെ പരിമിത സൈനികാക്രമണം നടത്താൻ ട്രംപ് ഉത്തരവിടുമെന്ന സൂചനകളും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാഹചര്യങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.