വാഷിംഗ്ടൺ: ഫണ്ടിംഗ് തടസ്സത്തെ തുടർന്ന് വിമാനത്താവളങ്ങളിലെ അതിവേഗ സുരക്ഷാ പരിശോധനയും അതിർത്തി പ്രവേശനത്തിനുള്ള വേഗനടപടിയും താൽക്കാലികമായി നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ച തീരുമാനം മണിക്കൂറുകൾക്കകം പിൻവലിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പ്. സേവനങ്ങൾ തുടരുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.
ഞായറാഴ്ച രാവിലെ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയം പുറത്തിറക്കിയ പ്രസ്താവനയിൽ, സാധാരണ യാത്രക്കാരെ മുൻഗണന നൽകുന്നതിനായി പ്രത്യേക സൗകര്യങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ അതിവേഗ പരിശോധന സാധാരണ പോലെ തുടരുമെന്നും ജീവനക്കാരുടെ കുറവ് ഉണ്ടായാൽ സാഹചര്യാനുസരണം ക്രമീകരണം വരുത്തുമെന്നും വിമാനത്താവള സുരക്ഷ ചുമതലയുള്ള ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ വൈകുന്നേരത്തോടെ വ്യക്തമാക്കി.
രാവിലെ ചില വിമാനത്താവളങ്ങളിൽ അതിവേഗ പരിശോധന പാതകൾ അടച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ആവശ്യമായ ജീവനക്കാരുണ്ടെങ്കിൽ സേവനം തുടരാമെന്ന നിർദേശം അധികൃതർ നൽകിയതായി അറിയുന്നു. അതിർത്തി നിയന്ത്രണ ചുമതലയുള്ള യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷന്റെ വേഗപ്രവേശന പദ്ധതിയും ചില ഇടങ്ങളിൽ നിർത്തിവെച്ചതായി പിന്നീട് വിവരം ലഭിച്ചു.
മഞ്ഞുവീഴ്ച മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം വന്നത്. വസന്തകാല അവധിയോടനുബന്ധിച്ചുള്ള തിരക്ക് അടുത്തിരിക്കെ ഉണ്ടായ നീക്കം ആശങ്കയുണർത്തിയിരുന്നു. ദുരന്തനിവാരണ ചുമതലയുള്ള ഫെഡറൽ എമർജെൻഡസി മാനേജ്‌മെന്റ് ഏജൻസിയും ദുരന്തവുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷ നേതാവായ ബെന്നി തോംപ്‌സൺ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രതിനിധീകരിക്കുന്ന യുഎസ് ട്രാവൽ അസോസിയേഷനും നിരാശ പ്രകടിപ്പിക്കുകയുണ്ടായി.
വിമാനത്താവളങ്ങളിലെ അതിവേഗ സുരക്ഷാ പരിശോധന നിർത്തിവെക്കാനുള്ള തീരുമാനം പിൻവലിച്ചു
