മെക്‌സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്‌കോയിൽ ഫെഡറൽ സേന നടത്തിയ വൻ സുരക്ഷാ നീക്കത്തിൽ രാജ്യത്തെ ഏറ്റവും ശക്തമായ മയക്കുമരുന്ന് സംഘനേതാക്കളിൽ ഒരാളായ നെമെസിയോ റൂബൻ ഒസേഗ്വേര സെർവാന്തസ്, 'എൽ മെൻചോ' കൊല്ലപ്പെട്ടു. ജാലിസ്‌കോ ന്യൂ ജെനറേഷൻ കാർട്ടൽ എന്ന ക്രിമിനൽ സംഘടനയുടെ തലവനായിരുന്നു ഇയാൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗുവാഡലജറ, പ്യുവെർട്ടോ വട്ടാർത്ത, തപാൽപ മേഖലകളിൽ സുരക്ഷാസേനയും സംഘാംഗങ്ങളും തമ്മിൽ വെടിവെയ്പ് നടന്നു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ എൽ മെൻചോയെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലേക്ക് ഹെലികോപ്റ്ററിൽ മാറ്റുന്നതിനിടെ മരിച്ചു എന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അമേരിക്കൻ അധികാരികൾ നൽകിയ വിവരങ്ങളും നീക്കത്തിന് സഹായകമായതായി മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാസേനയുടെ നീക്കത്തിനിടെ നാലുപേർ സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടതായും, മൂന്നു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് പറയുന്നു. പിന്നീട് പരിക്കേറ്റവരും മരിച്ചു. എൽ മെൻചോയുടെ മരണവാർത്ത പുറത്ത് വന്നതോടെ ജാലിസ്‌കോ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. നിരവധി വാഹനങ്ങൾ കത്തിച്ചു. ദേശീയപാതകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. സൈനിക നീക്കങ്ങൾ തടയാൻ ക്രിമിനൽസംഘങ്ങൾ പതിവായി ഉപയോഗിക്കുന്ന രീതി തന്നെയാണിത്.
അക്രമാവസ്ഥയെ തുടർന്ന് അമേരിക്കയും കാനഡയും അവരുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. സുരക്ഷാ സാഹചര്യം വഷളായതിനാൽ വീടുകളിൽ തന്നെ തുടരണമെന്ന് നിർദേശം നൽകി. ചില അമേരിക്കൻ, കാനഡൻ വിമാനക്കമ്പനികൾ ജാലിസ്‌കോ, പ്യൂർട്ടോ വല്ലാർട്ട മേഖലകളിലേക്കുള്ള സർവീസുകൾ റദ്ദാക്കി.
അതേസമയം ഗ്വാദലഹാര വിമാനത്താവളത്തിൽ വിമാനം കത്തി നശിച്ചുവെന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും, അവ വ്യാജമാണെന്നും കൃത്രിമ ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അമേരിക്കയിലെ മെക്‌സിക്കൻ എംബസി വ്യക്തമാക്കി. വിമാനത്താവള പ്രവർത്തനം സാധാരണ നിലയിൽ തന്നെയാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് അക്രമാവസ്ഥ തുടരുന്നതിനിടെ നിരവധി ഫുട്‌ബോൾ മത്സരങ്ങളും റദ്ദാക്കി. മെക്‌സിക്കോ പ്രൊഫഷണൽ ലീഗിലെ മത്സരങ്ങൾ ഉൾപ്പെടെ ചില വനിതാ ലീഗ് മത്സരങ്ങളും അന്താരാഷ്ട്ര സൗഹൃദ മത്സരവും മാറ്റിവെച്ചു.
മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം ജനങ്ങളോട് ശാന്തരാകാനും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും അഭ്യർത്ഥിച്ചു. എല്ലാ സംസ്ഥാനങ്ങളുമായും ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
എൽ മെൻചോയുടെ വധം അമേരിക്കയും സ്വാഗതം ചെയ്തു. ഇതോടെ ലാറ്റിൻ അമേരിക്കൻ മേഖലയിലെ മയക്കുമരുന്ന് വ്യാപനത്തിന് വലിയ തിരിച്ചടിയാകുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു.
മെക്‌സിക്കോയിൽ റെയ്ഡിനിടെ മയക്കുമരുന്ന് സംഘ തലവൻ'എൽ മെൻചോ' കൊല്ലപ്പെട്ടു, രാജ്യത്ത് അക്രമം
