ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയുടെ മുഖ്യശില്‍പിയെന്ന് അറിയപ്പെടുന്ന സര്‍ എഡ്വിന്‍ ലാന്‍ഡ്സിയര്‍ ല്യൂട്ടന്‍സിന്റെ പ്രതിമ രാഷ്ട്രപതി ഭവനില്‍ നിന്നും മാറ്റി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ഇ രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മാസാന്ത റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ 131-ാം എപിസോഡില്‍ സ്വാതന്ത്ര്യാനന്തരം പോലും ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകള്‍ രാഷ്ട്രപതി ഭവനില്‍ നിലനിന്നിരുന്നുവെന്നും ഇന്ത്യയുടെ മഹാനായ നേതാക്കള്‍ക്ക് അവിടെ യോജിച്ച സ്ഥാനം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ രാഷ്ട്രപതി ഭവനില്‍ നിലനിന്നിരുന്നുവെന്നും ആ പ്രതിമ രാജാജിയുടെ പ്രതിമയാല്‍ മാറ്റിസ്ഥാപിക്കും എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇത് കോളനിയല്‍ പാരമ്പര്യത്തില്‍ നിന്ന് മോചിതരാകാനും ഇന്ത്യന്‍ സംസ്‌കാരചിഹ്നങ്ങളെ ആഘോഷിക്കുന്ന മനോഭാവം സ്വീകരിക്കാനും ഉള്ള നിര്‍ണായക നീക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
2022-ല്‍ ചെങ്കോട്ടയില്‍ നടത്തിയ ആസാദി കാ അമൃത് മഹോത്സവ് പ്രസംഗവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. വികസിത ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച 'പഞ്ച-പ്രാണ്‍' പ്രതിജ്ഞകളില്‍ അടിമത്ത മനോഭാവത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള പ്രതിജ്ഞയും ഉള്‍പ്പെട്ടിരുന്നു.
ഈ ദിശയില്‍ രാഷ്ട്രപതി ഭവന്‍ നിര്‍ണായക ചുവടുവെയ്പ്പ് നടത്തുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഫെബ്രുവരി 23-ന് രാജാജി ഉത്സവ് ആഘോഷിക്കുമെന്നും അറിയിച്ചു. അതേ ദിവസം രാഷ്ട്രപതി ഭവനിലെ സെന്‍ട്രല്‍ കോര്‍ട്ട് യാര്‍ഡില്‍ സി രാജഗോപാലാചാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
രാജഗോപാലാചാരി അധികാരത്തെ സ്ഥാനമായി കാണാതെ സേവനമായി കണ്ട വ്യക്തിയായിരുന്നുവെന്നും പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ ശീലശുദ്ധിയും ആത്മനിയന്ത്രണവും സ്വതന്ത്രചിന്തയും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 1 വരെ രാജാജിയെ അനുസ്മരിച്ച് പ്രദര്‍ശനവും സംഘടിപ്പിക്കും.
കോളനിയല്‍ ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോള്‍ ഹെര്‍ബെര്‍ട്ട് ബാക്കറിനോടൊപ്പം ന്യൂഡല്‍ഹിയുടെ മുഖ്യ വാസ്തുശില്പിയായി പ്രവര്‍ത്തിക്കുകയും 'ല്യൂട്ടന്‍സ് ഡല്‍ഹി' എന്നറിയപ്പെടുന്ന നഗര രൂപകല്‍പ്പനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വീതിയുള്ള റോഡുകളും മരങ്ങളുള്ള പാതകളും വിശാലമായ പച്ചപ്പുള്ള പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന നഗര രൂപകല്‍പ്പന അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളില്‍ വൈസ്രോയിയുടെ മുന്‍ ഭവനമായിരുന്ന രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും ഉള്‍പ്പെടുന്നുണ്ട്.
