വാഷിംഗ്ടണ്‍: വ്യാപകമായ രീതിയില്‍ രാജ്യങ്ങള്‍ക്കുമേല്‍ തീരുവന നടപ്പാക്കുന്നത് നല്ല ആശയമാണെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹം ഭരണഘടനാനുസൃതമായി മുമ്പോട്ടു പോകണമെന്ന് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ നീല്‍ കത്യാല്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ 15 ശതമാനം പുതിയ തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച അദ്ദേഹം ഇത്തരം വ്യാപക തീരുവകള്‍ നടപ്പിലാക്കുമ്പോള്‍ പ്രസിഡന്റിന് കോണ്‍ഗ്രസിനെ മറികടക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു എസ് സുപ്രിം കോടതി 6- 3 ഭൂരിപക്ഷത്തില്‍ ട്രംപിന്റെ ആഗോള തീരുവകള്‍ റദ്ദാക്കിയത്. പ്രസിഡന്റിന് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം തീരുവ ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
സുപ്രിം കോടതി വിധിക്ക് പിന്നാലെ റദ്ദാക്കിയ തീരുവകള്‍ പുനഃസ്ഥാപിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്ന് ട്രംപ് അറിയിച്ചു.
തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, 1974ലെ ട്രേഡ് ആക്ട് സെക്ഷന്‍ 122 പ്രകാരം യു എസ് വ്യാപാര പങ്കാളികളില്‍ 10 ശതമാനം ആഗോള തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഒരു ദിവസം കഴിഞ്ഞ് അത് 15 ശതമാനമായി ഉയര്‍ത്തി.
ട്രംപിന്റെ മുന്‍ തീരുവകള്‍ സുപ്രിം കോടതിയില്‍ റദ്ദാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കത്യാല്‍ സെക്ഷന്‍ 122 പ്രകാരം പുതിയ തീരുവ ഏര്‍പ്പെടുത്താനുള്ള നിയമപരമായ അടിസ്ഥാനത്തെ ചോദ്യം ചെയ്തു.
തങ്ങളുടെ കേസില്‍ നീതിന്യായ വകുപ്പ് കോടതിയെ അറിയിച്ചതിന് വിപരീതമായി പ്രസിഡന്റ് ഇപ്പോള്‍ സെക്ഷന്‍ 122 (15 ശതമാനം നിയമം) ആശ്രയിക്കുന്നത് ബുദ്ധിമുട്ടാണെന്നും പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ വ്യാപാര കുറവുകളുമായി ബന്ധപ്പെട്ടതാണെന്നും അത് ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സ് കുറവില്‍ നിന്ന് ആശയപരമായി വ്യത്യസ്തമാണെന്നും കത്യാല്‍ എക്‌സില്‍ കുറിച്ചു.
അദ്ദേഹത്തിന് വ്യാപക തീരുവ വേണമെങ്കില്‍ അമേരിക്കന്‍ രീതിയില്‍ കോണ്‍ഗ്രസിനെ സമീപിക്കണം. തീരുവകള്‍ നല്ല ആശയമാണെങ്കില്‍ കോണ്‍ഗ്രസിനെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്നത് അതാണെന്നും കത്യാല്‍ കൂട്ടിച്ചേര്‍ത്തു.
