വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റിന്റെ സുരക്ഷിത പരിസരത്തിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു. യു എസ് സീക്രട്ട് സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്.
ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോ സമുച്ചയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം ഒന്നരയോടെയാണ് സംഭവം നടന്നത്. ഇരുപതുകള്‍ പ്രായമുള്ള യുവാവാണ് അനധികൃതമായി കടക്കാന്‍ ശ്രമിച്ചത്. സീക്രട്ട് സര്‍വീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫിന്റെ ഓഫിസിലെ ഡെപ്യൂട്ടിയും ചേര്‍ന്നാണ് അയാളെ നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുവാവിന്റെ കൈയില്‍ ഷോട്ട്ഗണ്‍ എന്ന് തോന്നിപ്പിക്കുന്ന ആയുധവും ഇന്ധന കാനും ഉണ്ടായിരുന്നുവെന്നാണ് സീക്രട്ട് സര്‍വീസ് അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
സംഭവസമയത്ത് സംരക്ഷണത്തിലുള്ള പ്രമുഖര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രസിഡന്റ് ഈ വാരാന്ത്യത്തില്‍ വാഷിംഗ്ടണിലായിരുന്നു എന്നും സീക്രട്ട് സര്‍വീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ), സീക്രട്ട് സര്‍വീസ്, പാം ബീച്ച് കൗണ്ടി ഷെരിഫ്സ് ഓഫീസ് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
