തെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് അലി ഖംനേയ് അധികാരമാറ്റ പദ്ധതി തയ്യാറാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ താന്‍ ഷഹീദാകാന്‍ തയ്യാറാണ് എന്ന മനോഭാവത്തിലാണ് ഖംനേയ്‌യെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഭരണകൂടം നിലനിര്‍ത്താന്‍ ആവശ്യമായ സാഹചര്യത്തില്‍ അമേരിക്കന്‍ ഭരണകൂടവുമായി കരാറിലെത്താന്‍ ചില വിശ്വസ്തരെ ഖംനേയ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആ കൂട്ടത്തില്‍ പ്രധാന വ്യക്തിയായി മുന്‍ സ്പീക്കറും രാഷ്ട്രീയനേതാവുമായ അലി ലാരിജാനിസിനെയാണ് ചൂണ്ടിക്കാട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവകരാറില്‍ ഇറാന്‍ ഭാഗത്ത് ചര്‍ച്ച നടത്തിയ ലാരിജാനി ആവശ്യമെങ്കില്‍ ട്രംപ് ഭരണകൂടവുമായി ധാരണയിലെത്താന്‍ മുന്നിട്ടിറങ്ങുന്ന മുഖ്യ വ്യക്തിയാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
67കാരനായ ലാരിജാനി രാഷ്ട്രീയ- മതപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള നേതാവാണ്. 2025 ജൂണില്‍ ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഖംനേയ് ലാരിജാനിയെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി നിയമിച്ചിരുന്നു. യുദ്ധകാലത്ത് സൈനിക കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അഡ്മിറല്‍ അലി ശംഖാനിയുടെ നേതൃത്വത്തില്‍ ദേശീയ പ്രതിരോധ കൗണ്‍സിലും രൂപീകരിച്ചു.
റവല്യൂഷണറി ഗാര്‍ഡ്‌സ് മുന്‍ കമാന്‍ഡറായിരുന്ന ലാരിജാനി ഇസ്ലാമിക ഭരണത്തിനെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ റഷ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ക്കും മേല്‍നോട്ടം വഹിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കന്‍ സൈനികാക്രമണം ഉടന്‍ സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഖംനേയ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൈനിക- ഭരണ ചുമതലകള്‍ക്കായി താന്‍ നേരിട്ട് നിയമിക്കുന്ന സ്ഥാനങ്ങളിലേക്ക് നാല് തലത്തിലുള്ള പകരക്കാരെ നിശ്ചയിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തനിക്കൊപ്പമുള്ള ആശയവിനിമയം തടസപ്പെടുകയോ താന്‍ കൊല്ലപ്പെടുകയോ ചെയ്താല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ വിശ്വസ്തരുടെ ചെറിയ സംഘത്തിനും അധികാരം കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലാരിജാനിയും കൂട്ടരും അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണങ്ങളും ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ക്കെതിരായ വധശ്രമങ്ങളും നേരിടാന്‍ ഭരണകൂടം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.
ലാരിജാനിക്കു പുറമെ, റവല്യൂഷണറി ഗാര്‍ഡ്‌സ് മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ യഹ്യ റഹീം സഫാവി, പാര്‍ലമെന്റ് സ്പീക്കര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബഗര്‍ ഗലിബഫ്, ഖംനേയിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയ മതപണ്ഡിതന്‍ അലി അസ്ഗര്‍ ഹെജാസി എന്നിവരാണ് അദ്ദേഹത്തിന്റെ വൃത്തത്തിലെ പ്രധാനികള്‍.
വെനസ്വേലയിലെ നിക്കോളസ് മഡുറോ പുറത്തായതിന് പിന്നാലെ ഉണ്ടായ സാഹചര്യത്തിന് സമാനമായ അവസ്ഥ ഉണ്ടെങ്കില്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ലാരിജാനിയാണ് മുന്‍പന്തിയിലുണ്ടാകുക എന്ന് റിപ്പോര്‍ട്ട് പറയുന്നു. അദ്ദേഹത്തിന് പിന്നാലെ ഗാലിബാഫും മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും വരാം. നിലവിലെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
