ചൈനയിലും സൗത്ത് കൊറിയയിലും 38 മണിക്കൂര്‍ തടങ്കലിലാക്കിയതായി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

ചൈനയിലും സൗത്ത് കൊറിയയിലും 38 മണിക്കൂര്‍ തടങ്കലിലാക്കിയതായി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍


മുംബൈ: ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സചിന്‍ അവാസ്തി അന്താരാഷ്ട്ര യാത്രയ്ക്കിടെ സൗത്ത് കൊറിയയിലും ചൈനയിലും 38 മണിക്കൂര്‍ തടങ്കലിലാക്കി പ്രവേശനം നിഷേധിച്ചതായി ആരോപിച്ചു. തടങ്കലിനിടെ തങ്ങളോട് കുറ്റവാളികളെ പോലെ പെരുമാറിയതായും സാധാരണ നിരക്കിന്റെ പത്ത് ഇരട്ടിയോളം ചെലവുള്ള മടക്കടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതായും അവസ്തി ആരോപിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ദക്ഷിണ കൊറിയയിലെ ജെജു ഐലന്റില്‍ എത്തിയതിനു പിന്നാലെ സംഭവങ്ങള്‍ മാറിയതായി അദ്ദേഹം പറഞ്ഞു.

'ജെജു ദ്വീപില്‍ ആവേശത്തോടെ ഇറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം മാറി. പ്രവേശനം നിഷേധിച്ചു; ഒരു ഹോള്‍ഡിംഗ് ഏരിയയിലേക്ക് കൊണ്ടുപോയി. യാതൊരു വിശദീകരണവും ഇല്ല, കാത്തിരിക്കണമെന്ന് മാത്രം പറഞ്ഞു. ഞങ്ങള്‍ കാത്തിരുന്നു,' അദ്ദേഹം കുറിച്ചു.

'തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞു, വ്യക്തതയൊന്നുമില്ല. ജയിലിനോട് സാമ്യമുള്ള ഒരു തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. സൂര്യപ്രകാശമോ പുറത്തേക്കുള്ള പ്രവേശനമോ ഇല്ല. ജയിലിലെ ഭക്ഷണമാണ് നല്‍കിയിരുന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ആരും പറഞ്ഞില്ല. വളരെ ചെലവേറിയ മടക്കടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഞങ്ങളെ സമ്മര്‍ദ്ദപ്പെടുത്തി,' എന്നും അദ്ദേഹം ആരോപിച്ചു.

തുടര്‍ന്ന് ചൈന വഴിയുള്ള ട്രാന്‍സിറ്റിനിടെയും സമാന അനുഭവമുണ്ടായതായി അവസ്തി പറഞ്ഞു. 'കൂടുതല്‍ കാത്തിരിപ്പ്, കൂടുതല്‍ നിരീക്ഷണം. ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല; ഭക്ഷണം നല്‍കിയില്ല; വെള്ളം പരിമിതമായി. ഉറക്കസൗകര്യം അത്യന്തം മോശം. ശൗചാലയത്തില്‍ പോകുമ്പോഴും ബോഡി ക്യാമറ ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഒപ്പം വന്നിരുന്നു,' എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ഈ സംഭവം സഹാനുഭൂതി നേടാനോ നാടകീയതയ്‌ക്കോ വേണ്ടി പങ്കുവച്ചതല്ലെന്ന് വ്യക്തമാക്കിയ അവസ്തി, ഇമിഗ്രേഷന്‍ തീരുമാനങ്ങള്‍ അവരുടെ അധികാരപരിധിയിലാണെങ്കിലും തങ്ങളോട് കുറ്റവാളികളെ പോലെ പെരുമാറാന്‍ അവര്‍ക്കവകാശമില്ലെന്നും പറഞ്ഞു.