ഡ്രോണ്‍ ആക്രമണം; റഷ്യയിലെ നാല് വിമാനത്താവളങ്ങളും അടച്ചു

ഡ്രോണ്‍ ആക്രമണം; റഷ്യയിലെ നാല് വിമാനത്താവളങ്ങളും അടച്ചു


മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരു മണിക്കൂറിനുള്ളില്‍ 11 യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി റഷ്യന്‍ അധികാരികള്‍ അറിയിച്ചു.

സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് ഡൊമോഡെഡോവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നുകോവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഴുകോവ്‌സ്‌കി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഷറെമെത്യേവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ നാല് വിമാനത്താവളങ്ങളിലും വിമാന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റഷ്യന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയായ റോസവിയസ്റ്റിയ പ്രസ്താവിച്ചു. 

മോസ്‌കോയിലേക്ക് പറന്നുവരികയായിരുന്ന മറ്റൊരു ഡ്രോണ്‍ കൂടി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സൊബ്യാനിന്‍തന്റെ സോഷ്യല്‍ മീഡിയ ചാനലില്‍ കുറിച്ചു. ഇതോടെ തകര്‍ത്ത ഡ്രോണുകളുടെ എണ്ണം 11 ആയതായും പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ അദ്ദേഹം അറിയിച്ചു.

യുക്രെയ്‌നുമായുള്ള യുദ്ധം നാലാം വാര്‍ഷികത്തോടടുക്കുമ്പോള്‍ മോസ്‌കോ ഉള്‍പ്പെടെ വിവിധ റഷ്യന്‍ പ്രദേശങ്ങള്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പതിവായി ഇരയാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതേസമയം റഷ്യയും യുക്രെയ്നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുകയാണ്.