ജെറുസലേം: യു എസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ രാജ്യവ്യാപകമായി ജാഗ്രതാ മുന്നറിയിപ്പ് ഖ്യാപിച്ചു. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ നേരിടാന്‍ എറോയും ഡേവിഡ്‌സ് സ്ലിംഗ് സംവിധാനങ്ങളും സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആക്രമണ സാധ്യത മുന്നില്‍ കണ്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
ജനീവയിലെ യു എസ്- ഇറാന്‍ ആണവ ചര്‍ച്ചകള്‍ നിലച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് അമേരിക്ക വന്‍ നാവിക സന്നാഹം വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ സേന ആദ്യം ആക്രമിച്ചാല്‍ തെഹ്‌റാന്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാമെന്ന ആശങ്കയിലാണ് ഇസ്രായേല്‍ ദേശീയ ജാഗ്രതാ നില ഉയര്‍ത്തിയത്.
സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് നെതന്യാഹു രാജ്യത്തിന്റെ ഉയര്‍ന്ന ജാഗ്രതാവസ്ഥ സ്ഥിരീകരിച്ചു.
ഇറാന്റെ കൈവശമുള്ളതായി കണക്കാക്കുന്ന 2,000 മുതല്‍ 3,000 വരെ ബാലിസ്റ്റിക് മിസൈലുകളുടെ ഭീഷണിയെ ചെറുക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേന ഏകീകൃത വ്യോമ പ്രതിരോധ സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഇതില്‍ കുറഞ്ഞ ദൂര റോക്കറ്റുകള്‍ക്ക് എതിരായ ഐറണ്‍ ഡോം, മധ്യദൂര ഭീഷണികള്‍ക്ക് ഡേവിഡ്‌സ് സ്ലിംഗ്, ബാഹ്യ അന്തരീക്ഷ ഇടപെടലുകള്‍ക്ക് എറോ സീരീസ് എന്നിവ ഉള്‍പ്പെടുന്നു.
മുമ്പത്തെ സംഘര്‍ഷങ്ങളില്‍ ഏകദേശം 86 ശതമാനം വരെ തടയല്‍ വിജയം നേടിയതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് മിസൈലുകള്‍ ഒരേസമയം ഏകോപിതമായി പ്രയോഗിക്കുകയാണെങ്കില്‍ പ്രതിരോധ സംവിധാനങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
ഭീഷണി തെഹ്‌റാനില്‍ നിന്ന് മാത്രമല്ലെന്ന ആശങ്കയും നിലനില്‍ക്കുന്നു. ലെബനനിലെ ഹിസ്ബുല്ല സേനകള്‍ വടക്കന്‍ അതിര്‍ത്തിയില്‍ റോക്കറ്റ് ആക്രമണത്തിനായി സജ്ജമാകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാപകമായ അമേരിക്ക- ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഒരേസമയം ആക്രമണം നടത്താനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
ഇസ്രായേല്‍ അധികാരികള്‍ അമേരിക്കന്‍ സൈന്യവുമായി ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കി. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിവിധ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഭാവിയിലെ ഏതെങ്കിലും നയതന്ത്ര കരാറോ സൈനിക നടപടിയോ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യേണ്ടതുണ്ടെന്നതാണ് ഇസ്രായേലിന്റെ നിലപാട്.
