ചെന്നൈ: രാജ്യവ്യാപകമായി ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇടപെട്ടു. ബാധിത യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ സഹായിക്കുന്നതിനായി റെയില്‍വേ അധിക കോച്ചുകള്‍ ഉള്‍പ്പെടുത്തി സര്‍വീസുകള്‍ ശക്തമാക്കി. രാജ്യത്തുടനീളമുള്ള 37 പ്രീമിയം ട്രെയിനുകളില്‍ 166 അധിക കോച്ചുകള്‍ ചേര്‍ത്തതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇതോടെ 114ല്‍ അധികം സര്‍വീസുകളില്‍ സീറ്റും സ്ലീപ്പറും ഉള്‍പ്പെടെയുള്ള യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ഏറ്റവും കൂടുതല്‍ കോച്ച് വര്‍ധനവ് ദക്ഷിണ റെയില്‍വേ മേഖലയിലാണ് നടന്നത്. ഈ മേഖലയിലെ 18 ട്രെയിനുകളില്‍ ആണ് സീറ്റിംഗ്, സ്ലീപ്പര്‍ ശേഷികള്‍ ഗണ്യമായി ഉയര്‍ത്തിയത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് അടിയന്തിരമായി നടപടി സ്വീകരിച്ചതെന്ന് റെയില്‍വേ അറിയിച്ചു. വിമാന റദ്ദാക്കലിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലും, ആയിരക്കണക്കിന് യാത്രക്കാര്‍ റെയില്‍വേയെ ആശ്രയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കി യാത്രാദുരിതം കുറയ്ക്കുന്നതിനായി ആവശ്യമായിടത്തൊക്കെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
വിമാന റദ്ദാക്കല്‍: യാത്രക്കാര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ റെയില്‍വേ; 37 ട്രെയിനുകളില്‍ 166 അധിക കോച്ചുകള്‍
