വാഷിങ്ടണ്‍ ഡി സി: 2026 ലോകകപ്പ് നറുക്കെടുപ്പ് വേളയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തന്റെ 'സ്‌നേഹിതന്‍' ഡൊണള്‍ഡ് ട്രംപിന് ആദ്യത്തെ ഫിഫ പീസ് പ്രൈസ് സമ്മാനിച്ചു. യു എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ അടുത്ത വേനലില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ടീമുകളെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് കെന്നഡി സെന്ററില്‍ നടന്ന ഹൈ-പ്രൊഫൈല്‍ ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഇന്‍ഫാന്റിനോയുടെ സമീപത്ത് നിന്ന ട്രംപ് ഈ ബഹുമതിയെ തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായവയില്‍ ഒന്നാണ് എന്ന് വിശേഷിപ്പിച്ചു. ഫിഫ കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെയാണ് കഴിഞ്ഞ മാസം ഫിഫ ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആളുകളെ സമാധാനത്തിലേക്ക് കൂട്ടിചേര്‍ക്കുന്നതില്‍ അസാധാരണ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നത് ലക്ഷ്യമിട്ടാണിതെന്നു ഫിഫ അറിയിച്ചു.
സമാധാനത്തിലൂടെ ആളുകളെ ഒന്നിപ്പിക്കാന്‍ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ച വ്യക്തികള്‍ക്ക് പ്രതിവര്‍ഷം ഇത് നല്‍കുമെന്ന് ഫിഫ അറിയിച്ചു.
